Kerala
കണ്ണീര്‍ കടലായി കണ്ണൂര്‍; വിലാപയാത്ര തുടങ്ങി
തലശ്ശേരിയിലേക്ക് എത്തിക്കുന്ന മൃതദേഹം ടൗണ്‍ ഹാളില്‍ ഇന്ന് പൊതുദര്‍ശത്തിന് വെക്കും

കണ്ണൂര്‍ | കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തി. ചെന്നൈയില്‍ നിന്ന് 11.20ന് പുറപ്പെട്ട വിമാനം 12.54ഓടെയാണ് ഇവിടെ എത്തിയത്.
മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി. തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തും. മട്ടന്നൂര്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, കൂത്തുപറമ്പ്, ആറാംമൈല്‍, വെറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം, ചുങ്കം എന്നിടവങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാം. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനാവലിയാണ് റോഡിനിരുവശവും തടിച്ചുകൂടിയിരിക്കുന്നത്
തലശ്ശേരിയിലേക്ക് എത്തിക്കുന്ന മൃതദേഹം ടൗണ്‍ ഹാളില്‍ ഇന്ന് പൊതുദര്‍ശത്തിന് വെക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും തലശ്ശേരി ടൗണ്‍ഹാളിലെത്തി. കോടിയേരിയുടെ നിര്യാണത്തില്‍ ആദരസൂചകമായി തലശ്ശേരി,ധര്‍മ്മടം,കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്തല്‍ പ്രഖ്യാപിച്ചു. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. സംസ്‌ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.