Connect with us

kannur car tragedy

കണ്ണൂരിലെ കാർ ദുരന്തം: പെട്രോള്‍ കുപ്പി നിഗമനം നടത്തിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

വാഹനത്തിനുള്ളിൽ പെട്ടെന്ന് തീയാളാനുള്ള കാരണങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പലയിടത്തും പ്രചരിക്കുന്നതായി കാണുന്നു.

Published

|

Last Updated

കണ്ണൂര്‍ | ഓടുന്നതിനിടെ കാറിന് തീപിടിച്ച് ഗര്‍ഭണിയടക്കം ദമ്പതികള്‍ വെന്തുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്ന് മോട്ടോർ വാഹന വകുപ്പ്. ദാരുണമായ അപകടത്തിൻ്റെ കാരണത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾ വിശദമായ പരിശോധന നടത്തിവരികയാണ്. വാഹനത്തിനുള്ളിൽ പെട്ടെന്ന് തീയാളാനുള്ള കാരണങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പലയിടത്തും പ്രചരിക്കുന്നതായി കാണുന്നു. അത്തരമൊരു നിഗമനം മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടില്ലെന്നും എം വി ഡി അറിയിച്ചു.

മോട്ടോർ വാഹന വകുപ്പ്, ഫോറൻസിക്, പോലീസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമേ അപകട കാരണവും വാഹനത്തിനുള്ളിൽ തീ പടരാനുള്ള കാരണവും കണ്ടുപിടിക്കാൻ കഴിയുകയുള്ളൂവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കാറിലുണ്ടായിരുന്ന പെട്രോള്‍ നിറച്ച കുപ്പികളാണ് തീ ആളിക്കത്താന്‍ ഇടയാക്കിയതെന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയിൽ വ്യക്തമായി എന്ന നിലക്ക് കഴിഞ്ഞ ദിവസം വ്യാപക പ്രചാരണമുണ്ടായിരുന്നു. മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. എന്നാല്‍, പെട്രോള്‍ നിറച്ച കുപ്പികള്‍ കാറിലുണ്ടായിരുന്നില്ലെന്ന് മരിച്ച റീഷയുടെ കുടുംബം ഇന്ന് പറയുകയായിരുന്നു. ഇതോടെയാണ് നിലപാട് വ്യക്തമാക്കി എം വി ഡി രംഗത്തെത്തിയത്.

വീടിന്റെ തൊട്ടടുത്തുതന്നെ പെട്രോള്‍ പമ്പുള്ളതിനാല്‍ വാഹനത്തില്‍ ഇന്ധനം സൂക്ഷിക്കേണ്ട കാര്യമില്ലായെന്നും ബന്ധുക്കൾ പറഞ്ഞു. മാത്രമല്ല, മാഹിയില്‍ പോയി കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചിട്ടുമുണ്ടായിരുന്നു. വെള്ളം നിറച്ച മൂന്ന് കുപ്പികളും ആശുപത്രിയിലേക്കുള്ള വസ്ത്രങ്ങളുമാണ് കാറിലുണ്ടായിരുന്നത്. സ്റ്റിയറിംഗിന്റെ അടിയില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നതെന്നും ബന്ധുക്കൾ പറഞ്ഞു. പുക ഉയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന പ്രജിത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. കാര്‍ വളഞ്ഞുംപുളഞ്ഞുമാണ് പോയത്. പെട്രോള്‍ കുപ്പികളാണ് കാരണമെന്ന് അധികൃതര്‍ പറയുന്ന പശ്ചാത്തലത്തില്‍ സത്യം പുറത്തുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.

കാറില്‍ രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്ന് എം വി ഡിയും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം പ്രചാരണമുണ്ടായിരുന്നു. എയര്‍ പ്യൂരിഫയറിലേക്കും തീ പടര്‍ന്നിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് കാറില്‍ തീപ്പടരാന്‍ കാരണമായതെന്ന് കണ്ണൂര്‍ ആര്‍ ടി ഒ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കണ്ണൂര്‍ ആശുപത്രിയിലേക്ക് പോകവെ കാറിന് തീപ്പിടിച്ച് കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് മരിച്ചത്. ഒരു കുട്ടിയടക്കം പിന്‍സീറ്റിലിരുന്ന നാലുപേരും രക്ഷപ്പെട്ടു.

Latest