Kerala
ഗൂഢാലോചനയില്‍ നല്ലൊരു പങ്കും കണ്ണൂര്‍ കലക്ടര്‍ക്ക്; അന്വേഷണം വേണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി
കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി
പത്തനംതിട്ട | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ നല്ലൊരു പങ്കും കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനാണുള്ളത്. രാവിലെ നടത്താന്‍ തീരുമാനിച്ച പരിപാടി മാറ്റിയതും അതിന്റെ ഭാഗമാണ്. കലക്ടര്‍ക്കെതിരേയും അന്വേഷണം വേണമെന്നും കെപി ഉദയഭാനു വ്യക്തമാക്കി.
അന്വേഷണത്തില്‍ ബാഹ്യമായ ഒരു ഇടപെടല്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം സര്‍ക്കാരും ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടുകൂടിയാണ് ദിവ്യക്കെതിരെ കേസെടുത്തത്.നടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. സ്വതന്ത്രമായ അന്വേഷണമായിരിക്കും ഉണ്ടാകുക.
ഇനി ഓരോ നടപടിയും നവീന്റെ വീട്ടുകാരുടെ കൂടി അഭിപ്രായം മാനിച്ചു മാത്രമേ കൈക്കൊള്ളു.എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകുമെന്നും കെപി ഉദയഭാനു പറഞ്ഞു.