Kannur
കണ്ണൂർ കോർപറേഷൻ ചെയർമാൻ ടി ഒ മോഹനൻ രാജിവെച്ചു; ഇനി ലീഗ് ഭരിക്കും
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപറേഷനാണ് കണ്ണൂർ.

കണ്ണൂർ | യു ഡി എഫിലെ മുൻ ധാരണ അനുസരിച്ച് കണ്ണൂർ കോർപ്പറേഷൻ മേയർ കോൺഗ്രസിലെ ടി ഒ. മോഹനൻ രാജിവച്ചു. മൂന്ന് വർഷം പൂർത്തിയാക്കിയാണ് മോഹനൻ ഒഴിയുന്നത്. അടുത്ത രണ്ട് വർഷം ലീഗ് പ്രതിനിധിയാണ് ചെയർമാനാകുക. പുതിയ ചെയർമാനെ തീരുമാനിച്ചിട്ടില്ല.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപറേഷനാണ് കണ്ണൂർ. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ കോൺഗ്രസും 14 സീറ്റിൽ മുസ്‍ലിം ലീഗും ജയിച്ചതിനെ തുടർന്നാണ് യുഡിഎഫിന് ഭരണം കിട്ടിയത്. എൽഡിഎഫിന് 19 സീറ്റുകളും എൻഡിഎക്ക് ഒരു സീറ്റും ലഭിച്ചു. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്.
രണ്ടരവർഷം വീതം സ്ഥാനം പങ്കുവയ്ക്കൽ എന്ന ഫോർമുലയാണ് ഭരണം തുടങ്ങുമ്പോൾ ലീഗ് മുന്നോട്ടുവെച്ചത്. എന്നാൽ കോണ്ഗ്രസ് ഇത് അംഗീകരിച്ചിരുന്നില്ല. ഒടുവിൽ മുന്നണി ഇടപെട്ട് മൂന്ന് വർഷം കോൺഗ്രസ്, രണ്ട് വർഷം ലീഗ് എന്ന ഫോർമുലയിൽ തർക്കം പരിഹരിക്കുകയായിരുന്നു.
മുസ്‍ലിം ലീഗിൽ നിന്ന് ആരാകും മേയറെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുസ്ലിഹ് മഠത്തിലിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. പുതിയ മേയറെ തെരഞ്ഞെടുക്കാൻ മൂന്നാഴ്ച കഴിയും. ഈ കാലയളവിൽ ഡെപ്യൂട്ടി മേയർ ഷബീനയ്ക്കാണ് പകരം ചുമതല.