Kerala
കണ്ണൂര്‍ കോര്‍പറേഷനില്‍ ആശമാര്‍ക്ക് 2,000 രൂപ അധിക ഇന്‍സെന്റീവ്
വര്‍ഷത്തില്‍ നാല് മാസത്തിലൊരിക്കല്‍ ഇന്‍സെന്റീവ് നല്‍കും

കണ്ണൂര്‍ | യു ഡി എഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ ആശമാര്‍ക്ക് അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. 2,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുമെന്നാണ് ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര അവതരിപ്പിച്ച വാര്‍ഷിക ബജറ്റിലെ പ്രഖ്യാപനം.
സമൂഹത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആശമാര്‍ക്ക് തുച്ഛമായ ഓണറേറിയം ലഭിക്കുന്ന സാഹചര്യത്തില്‍ വര്‍ഷത്തില്‍ നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കാനാണ് കോര്‍പറേഷന്റെ തീരുമാനം. ഡി പി സിയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഓണ്‍ ഫണ്ടില്‍ നിന്ന് തുക അനുവദിക്കും. സംസ്ഥാനത്തുടനീളം യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആശമാരുടെ ആനുകൂല്യം വര്‍ധിപ്പിക്കാന്‍ നീക്കം തുടങ്ങിയതിന്റെ ഭാഗമായാണിത്. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാനാണ് തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യു ഡി എഫിന്റെ നീക്കം. യു ഡി എഫ് ഭരിക്കുന്ന കൊല്ലം ജില്ലയിലെ തൊടിയൂരും തൃശൂര്‍ ജില്ലയിലെ പഴയന്നൂരും ആശവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിരുന്നു. തൊടിയൂരില്‍ പഞ്ചായത്ത് ബജറ്റിലാണ് 1,000 രൂപ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. 46 ആശവര്‍ക്കര്‍മാരാണ് പഞ്ചായത്തിലുള്ളത്. പഴയന്നൂര്‍ പഞ്ചായത്തില്‍ ആശമാര്‍ക്ക് 2,000 രൂപ ഇന്‍സെന്റീവായി നല്‍കാനാണ് തീരുമാനം.