sahityolsav 22
കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവിന് നാളെ തുടക്കം
സാംസ്കാരികോത്സവിന്റെ ഉദ്ഘാടനം കവി കൽപ്പറ്റ നാരായണൻ നിർവഹിക്കും.

തലശ്ശേരി | എസ് എസ് എഫ് 29ാം കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് നാളെ തലശ്ശേരിയിൽ തുടക്കമാകും. ഫാമിലി, ബ്ലോക്ക്, യൂനിറ്റ്, സെക്ടർ, ഡിവിഷൻ സാഹിത്യോത്സവുകൾക്ക് ശേഷമാണ് ജില്ല സാഹിത്യോത്സവ് നടക്കുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവിന് സാംസ്കാരിക സംഗമങ്ങളോടെയാണ് തുടക്കമാവുക. വൈകുന്നേരം 4.30ന് സാംസ്കാരികോത്സവിന്റെ ഉദ്ഘാടനം കവി കൽപ്പറ്റ നാരായണൻ നിർവഹിക്കും.
തുടർന്ന് പൗരൻ ; സമരങ്ങൾ, അവകാശങ്ങൾ, ജീവിതം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കരൻ, കെ സി സുബിൻ, മുഹമ്മദലി കിനാലൂർ സംബന്ധിക്കും. വെള്ളി ഉച്ചക്ക് മൂന്നിന് കേരളത്തിലെ പ്രമുഖ പ്രസാധകരുടെ കൃതികൾ ലഭ്യമാവുന്ന പുസ്തകോത്സവം പ്രൊഫ. യു സി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. നാലിന് തലശ്ശേരി; വ്യാപാരം കല, സംസ്കാരം എന്ന വിഷയത്തിൽ സംഗമം നടക്കും. ഡോ: ഹുസൈൻ രണ്ടത്താണി, കാസിം ഇരിക്കൂർ സംസാരിക്കും. ശനി രാവിലെ ഒൻപത് മുതൽ സാഹിത്യോത്സവ് മത്സരങ്ങൾ ആരംഭിക്കും. 12 വേദികളിലായി 140 മത്സര ഇനങ്ങളിൽ 1,800 വിദ്യാർഥികൾ പങ്കെടുക്കും.
വൈകിട്ട് അഞ്ചിന് 29 മുൻ നേതാക്കൾ ചേർന്ന് പതാകയുയർത്തും. ആറിന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് സാഹിത്യോത്സവ് ഉദ്ഘാടനം നിർവഹിക്കും. ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ സന്ദേശപ്രഭാഷണം നടത്തും. അലിക്കുഞ്ഞി ദാരിമി, ആർ പി ഹുസൈൻ, കെ അബ്ദുർറശീദ് നരിക്കോട് സംസാരിക്കും. തുടർന്ന് നടക്കുന്ന സംവാദം, ചർച്ച, പഠനം തുടങ്ങിയ സെഷനുകളിലായി കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാർട്മെന്റ് ഹെഡ് ഡോ. പി ശിവദാസൻ, ഡോ.പി ജെ വിൻസെന്റ്, പി കെ പാറക്കടവ്, വീരാൻ കുട്ടി, സ്വാദിഖ് സഖാഫി പെരിന്താറ്റീരി, സി കെ റാശിദ് ബുഖാരി, മാധവൻ പുറച്ചേരി, ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട്, ടി എ അലി അക്ബർ, ഫിർദൗസ് സഖാഫി കടവത്തൂർ, കെ ബി ബശീർ, ജാബിർ നെരോത്ത്, മുഹമ്മദ് അനസ് അമാനി, സജീർ ഇഖ്ബാൽ, അബ്ദുർറശീദ്, സഞ്ജീവ് പാനൂർ പങ്കെടുക്കും.
ഞായർ വൈകിട്ട് അഞ്ചിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം സമാപന സംഗമം ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സി എൻ ജാഫർ സാദിഖ് അനുമോദന പ്രഭാഷണം നടത്തും. പരിയാരം അബ്ദുർറഹ്മാൻ ബാഖവി, അബ്ദുൽ ഹക്കീം സഅദി, അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദുർറശീദ് ദാരിമി, വി വി അബൂബക്കർ സഖാഫി, എം കെ ഹാമിദ് ചൊവ്വ, അബ്ദുർറഹ്മാൻ കല്ലായി സംബന്ധിക്കും.