Editors Pick
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം: തിന്നുകയില്ല തീറ്റിക്കുകയുമില്ല കേന്ദ്രം
രാജ്യാന്തര സര്‍വീസുകള്‍ പലതും ഇല്ലാതായിരിക്കുന്നു. വിദേശ വിമാനക്കമ്പനികള്‍ക്കു കേന്ദ്രം അനുമതി നല്‍കുന്നുമില്ല. പുതുതായി പോയിന്റ് ഓഫ് കോള്‍ പദവി നല്‍കിയ കൂട്ടത്തില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയില്ല.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം അവഗണനയുടെ പടുകുഴിയില്‍. രാജ്യാന്തര സര്‍വീസുകള്‍ പലതും ഇല്ലാതായിരിക്കുന്നു. വിദേശ വിമാനക്കമ്പനികള്‍ക്കു കേന്ദ്രം അനുമതി നല്‍കുന്നുമില്ല. പുതുതായി പോയിന്റ് ഓഫ് കോള്‍ പദവി നല്‍കിയ കൂട്ടത്തില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയില്ല. പശ്ചിമ ബംഗാളിലെ അപ്രധാനമായ ഒരു വിമാനത്താവളത്തെ പരിഗണിച്ചു. ഗോവ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ധാരാളമായി എത്തിത്തുടങ്ങിയിരുന്നു. എന്നാല്‍, യാത്രക്കാര്‍ ധാരാളമുള്ള കണ്ണൂരിനെ തഴയുന്നു. കണ്ണൂരിലേക്കു സര്‍വീസ് നടത്താന്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, കേന്ദ്ര വ്യോമയാന മന്ത്രാലയം പച്ചക്കൊടി കാണിക്കുന്നില്ല. ഗള്‍ഫ് മലയാളികളെയാണ് ഇത് ഏറെ ബാധിക്കുന്നത്.
വേനലവധി കഴിഞ്ഞു കുടുംബങ്ങള്‍ ഗള്‍ഫിലേക്ക് മടങ്ങുന്ന സമയമാണ്. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുത്തൊഴുക്കാണ്. ഇത് മുന്നില്‍ കണ്ട് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടിയിരിക്കുന്നു. ആഗസ്റ്റ് 15 കഴിഞ്ഞാല്‍ 35,000 രൂപയാണ് ശരാശരി നിരക്ക്. ഈ വര്‍ഷം ഇനിയുള്ള മാസങ്ങളില്‍ നിരക്ക് കുറയാന്‍ പോകുന്നില്ല. ഗള്‍ഫില്‍ ചൂട് കാലം തീരുകയാണ്. യാത്രക്കാര്‍ വര്‍ധിക്കും. ഇതിനനുസരിച്ചു നിരക്ക് കൂടിക്കൊണ്ടേയിരിക്കും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വയനാട്ടിലേക്കു പോയത് ഈ വഴിയാണ്. സംസ്ഥാന ഭരണകൂടം കണ്ണൂര്‍ വിമാനത്താവളത്തില്‍ കുറേ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇനിയുള്ള വികസനം കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ്. പക്ഷെ, മറ്റെല്ലാ കാര്യത്തിലും അവഗണിക്കുന്നത് പോലെ ഇവിടെയും.
സി എം ഇബ്‌റാഹീം കേന്ദ്ര മന്ത്രിയും ഇ കെ നായനാര്‍ മുഖ്യമന്ത്രിയും ആയിരുന്നപ്പോള്‍ ഒത്തുപിടിച്ചാണ് കണ്ണൂരില്‍ രാജ്യാന്തര വിമാനത്താവളം നിര്‍മാണം തുടങ്ങിയത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കുറച്ചു കൂടി അതിനെ മുന്നോട്ട് കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതിവേഗം കൂട്ടി. കേരളത്തിന്റെ വികസനത്തിന്, വിശേഷിച്ച് കണ്ണൂരില്‍ നിന്നുള്ള കയറ്റുമതിക്ക് കണ്ണൂര്‍ വിമാനത്താവളം വലിയ പങ്കു വഹിക്കുമെന്ന് മനസ്സിലാക്കിയാണ് അവരൊക്കെ താത്പര്യം കാട്ടിയത് .
കണ്ണൂര്‍ വിമാനത്താവളത്തെ ഗള്‍ഫ് മലയാളികള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. കോഴിക്കോട് വിമാനത്താവളത്തിന് കേന്ദ്ര ഭരണകൂടം തന്നെ ചരമഗീതം എഴുതിക്കൊണ്ടിരുന്ന കാലമായിരുന്നു. മലബാറുകാര്‍ക്ക് വലിയ ആശ്രയം കണ്ണൂരാകുമെന്ന് ഏവരും കരുതി.
30 വര്‍ഷം മുമ്പ് കേന്ദ്ര മന്ത്രി സി എം ഇബ്റാഹീം വിഭാവനം ചെയ്ത വിമാനത്താവള നിര്‍മാണം കണ്ണൂരിലെ എല്ലാ രാഷ്ട്രീയ, സാംസ്‌കാരിക കക്ഷികളുടെയും ഉറച്ച പിന്തുണയോടെയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, ദക്ഷിണ കര്‍ണാടക ജില്ലക്കാര്‍ക്ക് ഏറെ ഉപകരിക്കുന്ന വിമാനത്താവളമായി ഇത് മാറേണ്ടതാണ്. യഥേഷ്ടം യാത്രാ വിമാനങ്ങളും ചരക്കുവിമാനങ്ങളും പറക്കുമെന്നതിനാല്‍ മലബാറിന്റെ മുഖച്ഛായ മാറ്റാന്‍ ഇത് ഉതകും. 2000 ഏക്കറിലാണ് പദ്ധതി. ഇതില്‍ ഏറിയ പങ്കും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി (കിയാല്‍)ന്റെ കൈയിലായിട്ടുണ്ട്. 1,130 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവ് ചെയ്തത്. സ്വതന്ത്ര വ്യാപാരമേഖല അടക്കം മറ്റുചില സൗകര്യങ്ങള്‍കൂടി വരുമെന്നതിനാല്‍ അനുസ്യൂതമായ വികസനമാണ് കണ്ണൂര്‍ മട്ടന്നൂര്‍-മൈസൂര്‍ റോഡില്‍ നടക്കുക.
49 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നീക്കിവെക്കുമെന്നാണ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ഗള്‍ഫ് മലയാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും വ്യക്തമാക്കി. ഇതു പ്രകാരം ഗള്‍ഫ് മലയാളികള്‍ ചാടിപ്പുറപ്പെട്ടു. ലാഭം നേടാമെന്ന പ്രതീക്ഷയിലല്ല, മിക്കവരും ഓഹരിക്കുവേണ്ടി അപേക്ഷിച്ചത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായേക്കാം എന്ന വൈകാരിക തലമായിരുന്നു പലര്‍ക്കും. ഗള്‍ഫില്‍ നിന്ന് 30 കോടി രൂപയോളം സമാഹരിക്കപ്പെട്ടു. യു എ ഇയില്‍ സിറ്റി എക്സ്ചേഞ്ച് വഴിയാണ് അപേക്ഷ പോയത്. ഓഹരിയുടെ ആദ്യ ഗഡുവിന്റെ ഡ്രാഫ്റ്റും പലരും അയച്ചു. കണ്ണൂര്‍ ജില്ലാ പ്രവാസി സമിതി (വേക്)യുടെ പ്രചാരണവും പിന്തുണയും തുക സമാഹരിക്കുന്നതില്‍ നിര്‍ണായകമായി. എന്നാല്‍, വ്യക്തികളുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് വ്യക്തമായ നിലപാടെടുക്കാന്‍ കിയാലിന് കഴിഞ്ഞില്ല. എല്ലാവരുടെയും അപേക്ഷ, തള്ളപ്പെട്ടു. ഡ്രാഫ്റ്റ് അയച്ചവര്‍ അത് തിരികെ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു.
കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ മലബാറില്‍ നിന്നുള്ള സാധാരണക്കാരായ പ്രവാസികളെ പ്രേരിപ്പിക്കാന്‍ വേയ്കിന്റെ സ്ഥാപക നേതാക്കളായിരുന്ന അബ്ദുല്‍ ഖാദര്‍ പണക്കാട്ട് (കാവുക്ക), അഡ്വ. ഹാഷിക് എന്നിവരൊക്കെ യു എ ഇയില്‍ നിരന്തരം ശ്രമിച്ചിരുന്നു. 2018ലാണ് രാജ്യാന്തര വിമാനത്താവളം പൂര്‍ണാര്‍ഥത്തില്‍ കമ്മീഷന്‍ ചെയ്തത്. തുടക്കത്തില്‍ ഗംഭീര ആവേശമായിരുന്നു. ഇന്ന് പ്രതീക്ഷകള്‍ അസ്തമിച്ച പോലെയാണ്. തൊടുന്യായങ്ങള്‍ പറഞ്ഞ് സര്‍വീസുകള്‍ മുടക്കുന്നു. മയില്‍ പക്ഷികള്‍ കാരണം അപകട സാധ്യതയുണ്ടെന്ന് വരെ ഉത്തരേന്ത്യന്‍ ലോബി പ്രചരിപ്പിച്ചു .
കണ്ണൂരില്‍ നിന്ന് ധാരാളം വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈ വര്‍ഷം ആദ്യം വാഗ്ദാനം ചെയ്തിരുന്നു. അബൂദബി, ദുബൈ, ഷാര്‍ജ, റാസ് അല്‍ ഖൈമ, ദമ്മാം, ദോഹ, മസ്‌കത്ത്, റിയാദ്, ജിദ്ദ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നു പറഞ്ഞിരുന്നു . അബൂദബി, ദുബൈ , ഷാര്‍ജ, മസ്‌കത്ത് പ്രതിദിന സേവനം ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇതെല്ലാം കേരളത്തില്‍ നിന്ന് ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ സാധ്യത തുറന്നിട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തു. മലബാറില്‍ ഇതിനെതിരെ ജനരോഷം ഉയരുന്നുണ്ട്.