Kerala
കണ്ണൂര്‍ സ്വദേശിനിയുടെ ആത്മഹത്യ ഭര്‍തൃ പീഡനത്തെ തുടര്‍ന്നെന്ന് പരാതി; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു
ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍ | കണ്ണൂര്‍ പായം സ്വദേശിനി സ്‌നേഹയുടെ ആത്മഹത്യ ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണെന്ന് പരാതി. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കെതിരെ ആരോപണവുമായി സേനേഹയുടെ കുടുംബം രംഗത്തെത്തി. ആരോപണം ശരിവെക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ജിനീഷിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് ആറിനാണ് 24കാരിയായ സ്‌നേഹയെ പായം കേളന്‍ പീടികയിലെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് തൊട്ടു മുമ്പ് ഭര്‍ത്താവ് സ്‌നേഹയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ പരാതി.
2020 ജനുവരി 21നാണ് കോളിത്തട്ട് സ്വദേശി ജിനീഷുമായി സ്‌നേഹയുടെ വിവാഹം നടന്നത്. തുടക്കത്തിലേ സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡനമേറ്റിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പലതവണ പോലീസില്‍ പരാതിപ്പെട്ടങ്കിലും എല്ലാം ഒത്തുതീര്‍പ്പാക്കി. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന്റെ നിറത്തെ ചൊല്ലിയും സ്‌നേഹക്ക് ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നു. ശാരീരിക പീഡനം സഹിക്കവയ്യാതായതോടെ കഴിഞ്ഞ 15ന് സ്‌നേഹയെ ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സ്‌നേഹയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ജിനീഷിനെകസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌നേഹയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.