Kerala
കണ്ണൂര്‍ ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; വിചാരണ ഇന്ന് തുടങ്ങും
ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഈ കേസില്‍ രണ്ടും നാലും പ്രതികളാണ്.
കണ്ണൂര്‍| ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ തലശ്ശേരി കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും. 2010 മെയ് 28ന് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നതാണ് കേസ്. വിജിത്ത്, ഷിനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കോടതിയില്‍ ഹാജരായി മടങ്ങുമ്പോഴായിരുന്നു അക്രമം.
കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും രണ്ടും നാലും പ്രതികളാണ്. പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാന്‍, കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന പരോള്‍ വ്യവസ്ഥയില്‍ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു. 16 പ്രതികളുള്ള കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്.
നേരത്തെ ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണ നീട്ടിവെക്കണമെന്ന സുനിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനി പരോളിലാണ്. 30 ദിവസത്തെ പരോളിലാണ് കൊടി സുനി തവനൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് സുനിയ്ക്ക് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.