Connect with us

Kerala

കണ്ണൂര്‍ സ്്കൂള്‍ ബസ് അപകടം; ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നും ഡ്രൈവര്‍

അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരിലെ വളക്കൈയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട സംഭവത്തില്‍ സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നും ഡ്രൈവര്‍ നിസാം വെളിപ്പെടുത്തി. ബസ്സ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗുരുതരമായ വെളിപ്പെടുത്തല്‍. അപകടത്തില്‍ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെളിപ്പെടുത്തല്‍.

പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവില്‍ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാന്‍ ശ്രമിച്ചെങ്കിലും ബസ്സ് തെന്നിപ്പോയി. പിന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുന്നില്‍ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസില്‍ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞത്. കുട്ടി ബസിന് അടിയില്‍ കുടുങ്ങിപോയി.

ബസിന്റെ ഫിറ്റ്‌നസ് ഡിസംബറില്‍ പുതുക്കാന്‍ പോയപ്പോള്‍ ആര്‍ ടി ഒ മടക്കി അയക്കുകയായിരുന്നു. ബസിന്റെ ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. പുതുക്കാന്‍ പോയപ്പോള്‍ തകരാറുകള്‍ ചൂണ്ടികാട്ടിയാണ് ആര്‍ ടി ഒ മടക്കി അയച്ചത്. അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നും നിസാം പറഞ്ഞു.

അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്നാണ് എ എം വി ഐ ബിബിന്‍ രവീന്ദ്രന്‍ പറഞ്ഞത്.ഫിറ്റ്‌നസ് തീര്‍ന്ന സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രില്‍ വരെ നീട്ടി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ മാസം 18നണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടര്‍ന്നാണ് ഫിറ്റ്‌നസ് കഴിഞ്ഞിട്ടും അപകടത്തില്‍പ്പെട്ട ബസ് ഓടിച്ചിരുന്നത്.

 

Latest