Kerala
കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച: ക്രമക്കേട് കണ്ടെത്തിയ കോളജിലെ പരീക്ഷ മാത്രം റദ്ദാക്കാന്‍ തീരുമാനം
പരീക്ഷയ്ക്ക് രണ്ടു മണിക്കൂര്‍ മുന്‍പ് കോളജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്.

കണ്ണൂര്‍| കണ്ണൂര്‍ സര്‍വകലാശാല ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി അധികൃതര്‍. പരീക്ഷ പൂര്‍ണമായി റദ്ദാക്കില്ല. ക്രമക്കേട് കണ്ടെത്തിയ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളജിലെ പരീക്ഷ മാത്രം റദാക്കാനാണ് തീരുമാനം. അണ്‍ എയ്ഡഡ് കോളേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു ജീവനക്കാരനെ കോളജുകളിലേക്ക് പരീക്ഷാ ചുമതലയില്‍ നിയോഗിക്കാനും തീരുമാനമായി. ഇവരുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കും ചോദ്യപ്പേപ്പറുകളുടെ ഡൗണ്‍ലോഡും വിതരണവുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി 60 ജീവനക്കാരെ തിങ്കളാഴ്ച മുതല്‍ നിയോഗിക്കും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് അയച്ച ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പര്‍ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്ന് ചോര്‍ന്നതായാണ് പരാതി. പരീക്ഷയ്ക്ക് രണ്ടു മണിക്കൂര്‍ മുന്‍പ് കോളജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്സാപ്പ് വഴി ലഭ്യമായെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.
എന്നാല്‍ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അജീഷ്. അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി ചോര്‍ത്തിയിട്ടില്ല. കോപ്പിയടിച്ച് പിടിച്ച വിദ്യാര്‍ത്ഥിയുടെ മൊഴി തെറ്റിദ്ധാരണ പരത്തിയതാകാമെന്നും അദ്ദേഹം പ്രതികരിച്ചു.