From the print
മണിപ്പൂര്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല ഉപരിപഠനമൊരുക്കും; സാമ്പത്തിക സഹായവും നല്‍കും
തീരുമാനം വിദ്യാര്‍ഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ച്.
കണ്ണൂര്‍ | വംശീയ കലാപത്തിന്റെ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം സാധ്യമാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല. ഇതിനായി പ്രത്യേകം സീറ്റുകള്‍ അനുവദിക്കും. അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മണിപ്പൂരിലെ വിദ്യാര്‍ഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തുടര്‍ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത കുട്ടികള്‍ക്കാണ് സര്‍വകലാശാല സീറ്റുകള്‍ അനുവദിക്കുന്നത്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് ഒരു സര്‍വകലാശാല ഇത്തരത്തില്‍ മണിപ്പൂരിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സീറ്റുകളുമായി മുന്നോട്ടുവരുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി സര്‍വകലാശാലയിലെത്തുന്ന മണിപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ താമസ സൗകര്യവും സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കുമെന്നും സര്‍വകലാശാല അറിയിച്ചു. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ നിലവിലെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ സര്‍വകലാശാലയിലെ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സമയം നല്‍കും. നിലവില്‍ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കായിക പഠന വകുപ്പിലെ എം പി ഇ എസ് പ്രോഗ്രാമില്‍ ചേരുന്നതിന് ഒരു വിദ്യാര്‍ഥി ഇതിനകം തന്നെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മണിപ്പൂരില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല ക്യാമ്പസുകളില്‍ സൂപ്പര്‍ ന്യൂമറിയായി അധിക സീറ്റുകള്‍ ഒരുക്കും. മനുഷ്യത്വപരവും മതനിരപേക്ഷവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍വകലാശാലയെന്ന് സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യ പറഞ്ഞു.മണിപ്പൂര്‍ കലാപത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് പഠനം മുടങ്ങിയത്.