Connect with us

Kerala

കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ വിധി: മന്ത്രി ആര്‍ ബിന്ദു ഇന്ന് തന്നെ രാജി വെക്കണം; വിഡി സതീശന്‍

സുപ്രീംകോടതി വിധി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

Published

|

Last Updated

തൃശൂര്‍| കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഇന്ന് തന്നെ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണ്. സുപ്രീംകോടതി വിധി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവര്‍ണറും ഗവണ്‍മെന്റും തമ്മില്‍ തര്‍ക്കമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ചെലവില്‍ നവകേരള സദസ് നടത്തി പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമം. നാട്ടുകാരുടെ ചെലവില്‍ അപമാനിക്കാനാണ് ശ്രമം. താന്‍ തോന്നിയപോലെ ചെയ്യുന്നയാളല്ല. സിപിഎമ്മിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫില്‍ ചര്‍ച്ചചെയ്താണ് താന്‍ നിലപാട് പ്രഖ്യാപിക്കുന്നത്. തോന്നിയതുപോലെ നിലപാട് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് തന്നെക്കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി സതീശന്‍ പറഞ്ഞു.

കൊല്ലത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ നോക്കിയിരുന്ന കുട്ടിയെ ആശ്രാമം മൈതാനത്തിരുത്തി പ്രതി പോയി. ദയനീയമാണ് പോലീസ് സ്ഥിതിയെന്നും സതീശന്‍ പ്രതികരിച്ചു.

 

 

 

Latest