Kerala
കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി
വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീംകോടതി
ന്യൂഡല്‍ഹി| കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി. വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി.
വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം അട്ടിമറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനും കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിര്‍ണ്ണായകമായിരുന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു.
വിസിയുടെ പുനര്‍ നിയമനം ചാന്‍സലറിന്റെ അധികാരമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുവെന്നും കോടതി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടയില്‍ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.
60 വയസ് കഴിഞ്ഞ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.