Connect with us

The war between the governor and the government

കണ്ണൂര്‍ വി സി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി കേഡറിനെപ്പോലെ; കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍

സര്‍വകലാശാലകളിലെ മൂന്ന് വര്‍ഷത്തെ എല്ലാ നിയമനങ്ങളും പരിശോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി സി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി കേഡറിനെപ്പോലെയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പദവിക്ക് യോജിച്ച രീതിയിലല്ല കണ്ണൂര്‍ വി സി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ നടപടികള്‍ നാണക്കേടുണ്ടാക്കുന്നതാണ്. താന്‍ ചാന്‍സലറായി നില്‍ക്കുന്ന കാലത്തോളം ചുമതല കൃത്യമായി നിറവേറ്റും. സര്‍ക്കാറിന്റെ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ല. പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യതയില്ല.
അവസാന മൂന്ന് വര്‍ഷത്തെ കണ്ണൂര്‍ സര്‍വകലാശാലയിലെ എല്ലാ നിയമങ്ങളും പരിശോധിക്കും. ബന്ധു നിയമനം സംബന്ധിച്ച് നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. മുകള്‍തട്ട് മുതല്‍ താഴ്തട്ടില്‍ വരെ പരിശോധന നടക്കും. മറ്റ് സര്‍വകലാശാലകളിലെ നിയമനങ്ങളും പരിശോധിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയാല്‍ കണ്ണൂര്‍ വി സിക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനായി ആദ്യം വി സിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിന് ലഭിക്കുന്ന മറുപടിക്ക് അനുസരിച്ചാകും തുടര്‍ നടപടി.

 

 

Latest