Connect with us

Kerala

60 വര്‍ഷം പിന്നിട്ട് കാന്തപുരത്തിന്റെ ബുഖാരി അധ്യാപനം: വൈജ്ഞാനിക സമൃദ്ധമായി ഖത്മുല്‍ ബുഖാരി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സദസ്സിന് നേതൃത്വം നല്‍കി.

Published

|

Last Updated

മര്‍കസ് ഖത്മുല്‍ ബുഖാരി സംഗമത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു.

കോഴിക്കോട് | മര്‍കസ് സനദ്ദാന പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ഖത്മുല്‍ ബുഖാരി സംഗമം വൈജ്ഞാനിക സമൃദ്ധമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിതരുടെയും സാദാത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരത്തിയിലധികം വരുന്ന മതവിദ്യാര്‍ഥികള്‍ക്ക് ഇമാം ബുഖാരി (റ) രചിച്ച വിശ്വപ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരിയിലെ അവസാന ഹദീസുകള്‍ ചൊല്ലിക്കൊടുത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സദസ്സിന് നേതൃത്വം നല്‍കി. ആഗോള ഇസ്‌ലാമിക പണ്ഡിതരില്‍ പ്രമുഖരായ സയ്യിദ് ഉമര്‍ ബിന്‍ ഹഫീള്, ഡോ. ഉമര്‍ മഹ്മൂദ് ഹുസൈന്‍ സാമ്രായി, ശൈഖ് ബിലാല്‍ ഹലാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പണ്ഡിത സാന്നിധ്യം ചടങ്ങിനെ അനുഗൃഹീതമാക്കി.

വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ആധികാരികം എന്ന സവിശേഷതയുള്ള ഇസ്‌ലാമിക ഗ്രന്ഥമാണ് ഇമാം ബുഖാരി (റ) ന്റെ സ്വഹീഹുല്‍ ബുഖാരി. വിശ്വപ്രസിദ്ധമായ ഈ ഹദീസ് ഗ്രന്ഥത്തിന്റെ അധ്യാപനത്തില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ 60 വര്‍ഷം പിന്നിട്ട സവിശേഷ മുഹൂര്‍ത്തത്തില്‍ നടന്ന വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമത്തെ ഏറെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകവും സ്‌നേഹജനങ്ങളും വരവേറ്റത്. ഇതിനകം ആഗോള കീര്‍ത്തി നേടിയ കാന്തപുരത്തിന്റെ ബുഖാരി ദര്‍സില്‍ പങ്കെടുക്കാന്‍ വിദേശികളടക്കം മര്‍കസില്‍ എത്തുന്നത് പതിവാണ്.

ശുഭ്രവസ്ത്രധാരികളായ ആയിരങ്ങള്‍ ഒരുമിച്ചുകൂടിയ സദസ്സില്‍ സുഗന്ധങ്ങളുടെയും നബികീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഹദീസ് വായനയില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പങ്കുചേര്‍ന്നു. ഈ വര്‍ഷം ജാമിഅ മര്‍കസില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച യുവപണ്ഡിതര്‍ക്ക് അവസാന ഹദീസ് കാന്തപുരം ഓതി നല്‍കുമ്പോള്‍ സദസ്സ് ഏറെ വൈകാരികമായി. കാന്തപുരം രചിച്ച ബുഖാരി വ്യാഖ്യാനം തദ്കീറുല്‍ ഖാരിയുടെ ഒന്നാം പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രസംഗിച്ചു.

സയ്യിദ് അലി ബാഫഖി തങ്ങള്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുല്ല സഖാഫി മലയമ്മ സംബന്ധിച്ചു.

 

 

Latest