Kerala
കാന്തപുരം എന്നും മാനുഷിക പക്ഷത്ത് നിലകൊള്ളുന്നയാൾ: ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ
ഫലസ്തീനിൽ എന്താണ് നടക്കുന്നതെന്നും ഫലസ്തീൻ ജനത ഈ അധിനിവേശത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നതെന്നും ശൈഖ് അബൂബക്കറിന് വ്യക്തമായി അറിയാം. അതിനാൽ ഈ മഹാനായ മനുഷ്യനെ കാണുന്നതും അദ്ദേഹവുമായി ചില കാര്യങ്ങൾ ചർച്ചചെയ്യുന്നതും എനിക്ക് വളരെ പ്രധാനമാണെന്നും അദ്നാൻ അബുൽ ഹൈജ
കോഴിക്കോട് | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ എന്നും മാനുഷിക പക്ഷത്ത് നിലകൊള്ളുന്നയാളാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ. കാരന്തൂർ മർകസിൽ കാന്തപുരത്തെ സന്ദശിക്കാൻ എത്തിയ അദ്ദേഹം, കൂടിക്കാഴ്ചക്ക് ശേഷം മർകസ് ദിവാൻ സമുച്ചയത്തിൽ സിറാജ്‍ലൈവ് എഡിറ്റർ ഇൻചാർജ് സയ്യിദ് അലി ശിഹാബിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
കേരളം സന്ദർശിക്കുമ്പോൾ ശൈഖ് അബൂബക്കർ എന്ന മഹാനായ മനുഷ്യനെ കാണുക എന്നത് എന്നെ സംബന്ധിച്ച് അതീവ പ്രധാനമാണ്. ശരിയായ മനോഭാവവും മാനുഷികതയും ഉള്ള ഒരു യഥാർത്ഥ മനുഷ്യനാണ് അദ്ദേഹം. ഇസ്റാഈൽ കുറ്റകൃത്യങ്ങൾക്ക് അദ്ദേഹം എതിരാണ്. എപ്പോഴും മാനുഷിക പക്ഷത്ത് നിന്നാണ് അദ്ദേഹം സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനിൽ എന്താണ് നടക്കുന്നതെന്നും ഫലസ്തീൻ ജനത ഈ അധിനിവേശത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നതെന്നും ശൈഖ് അബൂബക്കറിന് വ്യക്തമായി അറിയാം. അതിനാൽ ഈ മഹാനായ മനുഷ്യനെ കാണുന്നതും അദ്ദേഹവുമായി ചില കാര്യങ്ങൾ ചർച്ചചെയ്യുന്നതും എനിക്ക് വളരെ പ്രധാനമാണ് – അദ്നാൻ അബുൽ ഹൈജ വ്യക്തമാക്കി.
ഫലസ്തീൻ അംബാസഡർ എന്ന നിലയിലാണ് താൻ ഇന്ത്യയിൽ നിൽക്കുന്നതെന്നും ഇന്ത്യ എനിക്ക് രണ്ടാമത്തെ വീടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് വരുമ്പോൾ, കേരളം എന്റെ വീടായി തന്നെ അനുഭവപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫലസ്തീന് കേരള ജനത നൽകിയ പിന്തുണയിൽ അദ്ദേഹം നന്ദി അറിയിച്ചു. കേരളത്തിൽ നടന്ന ഫലസ്തീൻ അനുകൂല റാലികൾ സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ നിവാസികളുടെ ദുരിതം പരിഹരിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം കാന്തപുരത്തോട് അഭ്യർഥിച്ചു.
പ്രതിസന്ധികൾ എത്രയും വേഗം പരിഹരിക്കപ്പെടട്ടെയെന്നും ഫലസ്തീൻ ജനതക്കൊപ്പം ഇന്ത്യക്കാരുടെ പ്രാർഥനയുണ്ടെന്നും കാന്തപുരം അബുൽ ഹൈജയെ അറിയിച്ചു.