Connect with us

Kerala

കാന്തപുരത്തെ യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു

Published

|

Last Updated

ദുബൈ | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ യു എ ഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. ഇന്ത്യയിലും മറ്റും കാന്തപുരം നടത്തുന്ന സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് ആദരം. യു എ ഇയും ജാമിഅ മര്‍കസും തമ്മില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ആദരവിന് കാരണമായി.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു എ ഇ ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി, ജാമിഅ മര്‍കസ് ചാന്‍സലര്‍, മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണ കഴിവ് എന്നീ നിലകളില്‍ അറബ് മേഖലയിലും അന്താരാഷ്ട്ര വേദികളിലും കാന്തപുരത്തിന് നിര്‍ണായക സ്വാധീനം ഉണ്ട്.

ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെ നന്ദി അറിയിക്കുന്നതായും സന്തോഷം പങ്കുവക്കുന്നതായും കാന്തപുരം പറഞ്ഞു.

 

---- facebook comment plugin here -----

Latest