Kerala
കരമന അഖില്‍ വധക്കേസ്; മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി
തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് പോലീസിന്റെ ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്
തിരുവനന്തപുരം | കരമന അഖില്‍ വധക്കേസില്‍ മുഖ്യപ്രതികളിലൊരാളായ സുമേഷും പോലീസിന്റെ പിടിയിലായി. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളും പിടിയിലായി. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് പോലീസിന്റെ ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്. അഖില്‍ അപ്പു, വിനീത് രാജ്, സുമേഷ് എന്നിവരാണ് അഖിലിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍. ഇവരില്‍ അഖില്‍ അപ്പുവും വിനീത് രാജും ഇന്ന് രാവിലെ പിടിയിലായിരുന്നു.മുഖ്യപ്രതികളില്‍ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലര്‍ച്ചെയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയത്.
രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്ത വാഹനമെത്തിച്ച് നല്‍കിയ, മുഖ്യപ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച നാല് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പന്‍ എന്ന അനീഷ്, ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായത്
വോട്ടെടുപ്പ് ദിനം പാപ്പനംകോട് ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മില്‍ ബാറില്‍വെച്ച് തര്‍ക്കമുണ്ടായി. ഇതിന്റെ പക വീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകല്‍ വീടിന് സമീപത്ത് വച്ച് അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്.കിരണ്‍ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം 2019ല്‍ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച അനന്തു വധക്കേസിലെ പ്രതികളാണ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 19കാരനായ അനന്തുവിനെ ഈ സംഘം അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനന്തു വധക്കേസിലെ വിചാരണ നീളുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്.