Connect with us

Kerala

കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കും

റസാക്ക് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി മുന്നണിക്കും സി പി എമ്മിനും എതിരായി പരസ്യ പ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം

Published

|

Last Updated

കോഴിക്കോട് | കൊടുവളളിയിലെ മുന്‍ എല്‍ ഡി എഫ് സ്വതന്ത്ര എം എല്‍ എ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. ഇടതുമുന്നണിക്കെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തോടു പദവിയില്‍ നിന്ന് രാജി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

എന്നാല്‍ തന്നോട് രാജിവെക്കാന്‍ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാമെന്നുമുളള നിലപാടിലാണ് കാരാട്ട് റസാക്ക്. റസാക്ക് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി മുന്നണിക്കും സി പി എമ്മിനും എതിരായി പരസ്യ പ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം.

ഇടതുമുന്നണി വിട്ട പി വി അന്‍വറുമായി കഴിഞ്ഞ ദിവസം കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെത്തിയാണ് റസാഖ് അന്‍വറിനെ കണ്ടത്. അന്‍വര്‍ പറയുന്ന രാഷ്ട്രീയത്തെ പറ്റി പഠിക്കാനാണ് താന്‍ ചേലക്കരയിലെത്തിയതെന്നാണ് റസാഖ് കൂടിക്കാഴ്ചയെ കുറിച്ച് നല്‍കിയ വിശദീകരണം. ഇപ്പോഴും താന്‍ ഇടതുമുന്നണിയുടെ ഭാഗമാണെന്നും പഠിച്ചതിന് ശേഷം അന്‍വറിന് പിന്തുണ നല്‍കുന്നതില്‍ തീരുമാനം എടുക്കുമെന്നും റസാഖ് വിശദീകരിച്ചിരുന്നു.

അന്‍വര്‍ എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെയും പി ശശിക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ വേളയില്‍ തുടക്കത്തില്‍ കാരാട്ട് റസാഖും പിന്തുണ നല്‍കിയിരുന്നു. പി ശശിക്കെതിരെയാണ് കാരാട്ട് റസാഖ് ആരോപണമുന്നയിച്ചത്. എന്നാല്‍ അന്‍വര്‍ മുന്നണി വിട്ടെങ്കിലും റസാഖ് കൂടെ പോയിരുന്നില്ല.

 

Latest