Connect with us

Articles

കാർഗിൽ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് നൽകുന്ന പാഠം

ജമ്മുകശ്മീർ വിഭജനത്തിന് ശേഷം ആദ്യമായി നടന്ന കാർഗിൽ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് പ്രതിപക്ഷം വിജയക്കൊടി നാട്ടി. ആകെയുള്ള 30 സീറ്റിൽ രണ്ട് സീറ്റ് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. ലേയിൽ 2020ൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ പതിനഞ്ച് സീറ്റ് നേടി ഭരണം പിടിച്ചതുപോലെ കാർഗിൽ കൗൺസിലും പിടിക്കാമെന്ന ബി ജെ പിയുടെ കണക്ക് കൂട്ടലാണ് നിലംപരിശായത്.

Published

|

Last Updated

ബി സി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി കശ്മീർ ഉൾപ്പെട്ട പ്രദേശങ്ങളിൽ ബുദ്ധ മത പ്രചാരണം നടത്തിയതായി ചരിത്ര രേഖയുണ്ട്. ഇപ്പോഴും ഈ മേഖലയിലെ ചില പ്രദേശങ്ങളിൽ ബുദ്ധ മതത്തിന്റെ ശക്തമായ സ്വധീനവുമുണ്ട്. കുറേകാലം യുജൈയിൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. എ ഡി പതിമൂന്നാം നൂറ്റാണ്ടോടെ മുസ്്ലിം രാജവംശങ്ങൾ കശ്മീരിൽ അധികാരം നേടി. അക്ബറുടെ കാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കശ്മീർ. 1776ൽ അഫ്ഗാൻ ആധിപത്യത്തിലായെങ്കിലും 1819ൽ സിഖ് രാഷ്ട്രത്തിന്റെ ഭാഗമായി. പിന്നീട് ഭാഗികമായി ബ്രിട്ടീഷ് അധീനതയിലായി. 1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യയിലോ പാകിസ്്താനിലോ ചേരാതെ കശ്മീർ രാജാവ് മാഹാരാജ ഹരിസിംഗ് സ്വതന്ത്രമായി നിൽക്കുകയാണ് ചെയ്തത്. എന്നാൽ പാകിസ്്താനിന്റെ ആക്രമണത്തെ തുടർന്ന് കശ്മീർ ഇന്ത്യൻ യൂനിയനിൽ ചേർന്നു. 1947ൽ ഒക്‌ടോബർ 26നാണ് ഈ ലയനം നടന്നത്.

ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനമാണ് ജമ്മുകശ്മീർ. വടക്ക് ചൈന, കിഴക്ക് ടിബറ്റ്, തെക്ക് ഹിമാചൽ പ്രദേശും പഞ്ചാബും, പടിഞ്ഞാറ് പാകിസ്്താൻ, വടക്ക്- പടിഞ്ഞാറ് അഫ്ഗാനിസ്്താൻ എന്നിവയാണ് സംസ്ഥാനത്തിന്റെ അതിർത്തികൾ. ഭൂമിയിലെ സ്വർഗം എന്ന് കശ്മീരിനെ വിശേഷിപ്പിക്കാറുണ്ട്. ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരവും ആർട്ടിക്കിൾ 35 (എ) പ്രകാരവും ജമ്മു- കശ്മീരിന് ചില പ്രത്യേക അവകാശങ്ങൾ നൽകിയിരുന്നു. സ്വന്തമായി ഒരു ഭരണഘടനയും ഈ സംസ്ഥാനത്തിനുണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം കശ്മീർ വിഭജനത്തോടുകൂടി റദ്ദ് ചെയ്യുകയാണുണ്ടായത്. ഇവിടത്തെ ഹസ്്റത്ത് ബാൽ പള്ളിയിൽ മുഹമ്മദ് നബിയുടേതാണെന്ന് പറയപ്പെടുന്ന തലമുടി സൂക്ഷിച്ചിട്ടുണ്ട്. അമർനാഥ്, മാമലേശ്വർ, വൈഷ്‌ണോദേവി ക്ഷേത്രം തുടങ്ങിയവയാണ് പ്രമുഖ തീർഥാടന കേന്ദ്രങ്ങൾ.

1919ൽ ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദ് ചെയ്തു. 2019 ഒക്‌ടോബർ 31ന് ഔദ്യോഗികമായി ജമ്മു- കശ്മീരും ലഡാക്കും എന്ന രണ്ട് സംസ്ഥാനങ്ങൾ പ്രഖ്യാപിക്കപ്പെടുകയും ഇവ രണ്ടും കേന്ദ്ര ഭരണ പ്രദേശങ്ങൾ ആക്കുകയും ചെയ്തു. ലഡാക്കിൽ ജനസംഖ്യ 2,90,432 ആണ്. ലേ ആണ് തലസ്ഥാനം. ഇവിടെ നിയമസഭ ഇല്ല. രാജ്യ സഭയിലേക്കും പ്രാതിനിധ്യം ഇല്ല. ലോക്‌സഭയിലേക്ക് ഒരു സീറ്റുണ്ട്. മുസ്്ലിം, ബുദ്ധമതം, ഹിന്ദു എന്നിവയാണ് ഇവിടെ നിലവിലുള്ള മതങ്ങൾ ഭൂരിപക്ഷം മുസ്്ലിംകളാണ്. ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകളാണുള്ളത്. ചൈനീസ് നിയന്ത്രണത്തിലുള്ള അക്‌സായി ചിന്നും പാക്കിസ്്താൻ നിയന്ത്രണത്തിലുള്ള ഗിൽഗീത് – ബാൾട്ടിസാനും ലഡാക്കിന്റെ കീഴിലാണ്.

ജമ്മുകശ്മീർ വിഭജനത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം നടന്ന ലഡാക്ക് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (കാർഗിൽ) തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഏറ്റവും ശക്തമായ പ്രഹരമാണ് ലഭിച്ചിരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച ശേഷം നടന്ന ഈ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് പ്രതിപക്ഷം വിജയക്കൊടി നാട്ടി. തിരഞ്ഞെടുപ്പ് നടന്ന 26 സീറ്റിൽ നാഷനൽ കോൺഫറൻസ് 12ഉം, കോൺഗ്രസ്സ് 10ഉം സീറ്റ് നേടി. ബി ജെ പിക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ പ്രതിപക്ഷ പാർട്ടികൾ ലീഡ് നിലനിർത്തിയിരുന്നു. ബി ജെ പി ഭരണം പിടിക്കുമെന്ന് വൻ പ്രചാരണമാണ് നടന്നിരുന്നത്.

കാർഗിലിന്റെ സമീപ ജില്ലയായ ലേയിൽ 2020ൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ പതിനഞ്ച് സീറ്റ് നേടി ഭരണം പിടിച്ചതുപോലെ കാർഗിൽ കൗൺസിലും പിടിക്കാമെന്ന ബി ജെ പിയുടെ കണക്ക് കൂട്ടലാണ് നിലംപരിശായത്. ബുദ്ധ ഭൂരിപക്ഷ പ്രദേശമായ സ്താക്ചയ് ഖാൻഗ്രാൽ, ചാ സീറ്റുകളിൽ മാത്രമാണ് ബി ജെ പിക്ക് ജയിക്കാനായത്. എന്നാൽ ബുദ്ധമത ഭൂരിപക്ഷമുള്ള മറ്റ് രണ്ട് മണ്ഡലങ്ങളിൽ ബി ജെ പി പരാജയപ്പെടുകയും ചെയ്തു. നാമ നിർദേശം ചെയ്യുന്ന നാല് അംഗങ്ങളുൾപ്പെടെ കൗൺസിലിന്റെ ആകെ അംഗബലം 30 ആണ്.
തിരഞ്ഞെടുപ്പിന് മുന്പ് സഖ്യമായി മത്സരിക്കുമെന്ന് കോൺഗ്രസ്സ്- നാഷനൽ കോൺഗ്രസ്സ് പാർട്ടികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഈ നീക്ക്‌പോക്ക് ബി ജെ പിയുമായി വളരെ ശക്തമായ മത്സരത്തിന് സാധ്യതയുള്ള സീറ്റുകളിൽ മാത്രമാക്കി. ഭൂരിപക്ഷം സീറ്റുകളിലും ബി ജെ പി മൂന്നാമതായി. നാല് സീറ്റുകളിൽ ആംആദ്മി പാർട്ടിയും 25 സ്വതന്ത്രരും മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇന്ത്യ മുന്നണിയിലുള്ള ആംആദ്മി പാർട്ടി അവിടെ പ്രത്യേകമായി ഒറ്റക്ക് മത്സരിച്ചതിലും നീതീകരണമില്ല.

അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് എതിരായുള്ള റഫറണ്ടം ആയിരിക്കും തിരഞ്ഞെടുപ്പ് എന്നാണ് പ്രതിപക്ഷം നേരത്തേ അഭിപ്രായപ്പെട്ടിരുന്നത്. അത് തന്നെയാണ് തിരഞ്ഞെടുപ്പിൽ സംഭവിച്ചിരിക്കുന്നത്. ജമ്മുകശ്മീരിനെ ഒന്നിപ്പിക്കണമെന്നും കേന്ദ്ര ഭരണ പ്രദേശമാക്കിയുള്ള പരീക്ഷണം പരാജയപ്പെട്ടെന്നും നിരവധി വോട്ടർമാർ അഭിപ്രായപ്പെട്ടിരുന്നതാണ്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എന്ന കശ്മീരിലെ ബഹുഭൂരിപക്ഷം പാർട്ടികളുടെയും ആവശ്യത്തോട് ബി ജെ പി സർക്കാർ ഇപ്പോഴും മുഖം തിരിച്ചുതന്നെ നിൽക്കുകയാണല്ലോ.

കോൺഗ്രസ്സും നാഷനൽ കോൺഫറൻസും സഖ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക മണ്ഡലങ്ങളിലും പരസ്പരം മത്സരിക്കുകയാണുണ്ടായത്. നാഷനൽ കോൺഫറൻസ് (എൻ സി) പതിനേഴ് സീറ്റിലും കോൺഗ്രസ്സ് 22 സീറ്റിലുമാണ് മത്സരിച്ചത്. ബി ജെ പി പതിനേഴ് സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. ബി ജെ പി ശക്തമായ ഇടങ്ങളിൽ മാത്രമാണ് സഖ്യമുണ്ടായിരുന്നതെന്നാണ് കോൺഗ്രസ്സ് നേതൃത്വം വിശദീകരിക്കുന്നത്. 75,000 വോട്ടർമാരിൽ 78 ശതമാനത്തിനടുത്താണ് വോട്ട് രേഖപ്പെടുത്തിയത്. അവിടത്തെ ജനങ്ങളുടെ തിരഞ്ഞെടുപ്പിനോടുള്ള താത്പര്യമാണ് ഇത് വ്യക്തമാക്കുന്നത്.

ബി ജെ പി 2019ന് ശേഷം നടത്തിയ വികസന പ്രവർത്തനങ്ങളുടെ അംഗീകാരമായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്നത് എന്ന പ്രചാരണവുമായാണ് രംഗത്തുവന്നത്. ഇത് ലഡാക്ക് ജനത തിരസ്‌കരിച്ചിരിക്കുകയാണ്. കോൺഗ്രസ്സും എൻ സിയും എല്ലാ മണ്ഡലങ്ങളും യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ബി ജെ പിക്ക് ലഡാക്കിൽ രണ്ട് സീറ്റ് പോലും കിട്ടുകയില്ലായിരുന്നു. ബി ജെ പി വിജയിച്ച ഒരു സീറ്റ് അവർക്ക് കിട്ടിയത് കോൺഗ്രസ്സിന്റെയും നാഷനൽ കോൺഫറൻസിന്റെയും പരസ്പര മത്സരം മൂലമായിരുന്നു.
ഇന്ത്യ സഖ്യത്തിന്റെ രൂപവത്കരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്- കോൺഗ്രസ്സ് സംഖ്യത്തിന്റെ വിജയം ജനങ്ങൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വസവും പകരുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഈ വിജയം രാജ്യത്തോടും ഭരണഘടനയോടുമുള്ള കാർഗിൽ ജനതയുടെ വിശ്വസത്തെയും പ്രതിബദ്ധതെയുമാണ് പ്രകടമാക്കുന്നത്. ജമ്മുകശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ ഭിന്നിപ്പിക്കാനും അവരെ രാഷ്ട്ര വിരുദ്ധരായി ചിത്രീകരിക്കാനും ബി ജെ പി 2019 മുതൽ തുടർന്ന് വന്ന ശ്രമങ്ങൾക്കാണ് ജനാധിപത്യത്തിന്റെ മാർഗത്തിലൂടെ കാർഗിൽ ജനത മറുപടി നൽകിയിരിക്കുന്നത്. ആർട്ടിക്കിൾ 370ഉം, 35 (എ)യും റദ്ദ് ചെയ്ത ഭരണഘടനാ ഭേദഗതിയിലൂടെ പുറത്ത് നിന്നുള്ള നിക്ഷിപ്ത താത്പര്യങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലകൾ കൈയടക്കുകയും ജനസംഖ്യയുടെ സ്വഭാവത്തിൽ തന്നെ ആശാസ്യം അല്ലാത്ത മാറ്റങ്ങൾക്ക് അത് കാരണമാകുകയും ചെയ്യുമെന്ന് കാർഗിലിലെയും ജമ്മുകശ്മീരിലെയും ജനങ്ങൾ ഭയപ്പെടുകയാണ്. അതിനോടുള്ള ശക്തമായ പ്രതികരണം കൂടിയാണ് ലഡാക്കിലെ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ.
ലഫ്റ്റനന്റ് ഗവർണർ മുഖേനയും ഉദ്യോഗസ്ഥരെ ഉപയോഗിച്ചും ന്യൂഡൽഹി നേരിട്ട് ഭരണം നടത്തുന്ന ലഡാക്ക് മേഖലയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി പരമ്പരാഗത പാർട്ടിയായ നാഷനൽ കോൺഫറൻസ് ഉയർന്നത്, മുസ്്ലിം ഭൂരിപക്ഷ ജില്ലയായ കാർഗിൽ രാഷ്ട്രീയമായി മാറിയിട്ടില്ലെന്ന് തെളിയിക്കുന്നു. 2019 ആഗസ്റ്റ് അഞ്ചിന് ബി ജെ പി സർക്കാർ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെയും തുടർന്നുള്ള ഏകാധിപത്യ നയങ്ങളുടെയും തിരിച്ചടിയായാണ് രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരാകെ ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്.

ലേ- കാർഗിൽ ജില്ലകളിലെ ബുദ്ധ- മുസ്്ലിം സംഘടനകൾ തമ്മിലുള്ള അപൂർവ രാഷ്ട്രീയ സഖ്യം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബി ജെ പി നയങ്ങളുടെ നിരാകരണമായാണ് കോൺഗ്രസ്സും എൻ സിയും ഈ ജനവിധിയെ വിശേഷിപ്പിക്കുന്നത്. സംഘ്പരിവാർ നയങ്ങൾക്ക് എതിരായ ഉജ്ജ്വലമായ വിധിയാണ് ഇതെന്നും ജമ്മുകശ്മീരിനോട് കേന്ദ്രസർക്കാർ ചെയ്ത നീതി കേടിനെതിരെയുള്ള പ്രതികരണമാണ് ഇതെന്നും എൻ സി വൈസ് പ്രസിഡന്റും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമർ അബ്ദുല്ല പ്രസ്്താവിച്ചു. കാർഗിലിലെ ജനങ്ങൾ ബി ജെ പിയെ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് ലഡാക്ക് കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് ഹാജി ഹസ്‌കർ അലി കർബാലി പറഞ്ഞു. കാർഗിൽ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ജമ്മുകശ്മീരിലും ലഡാക്കിലും പ്രതിപക്ഷം കൂടുതൽ സജീവമാകാനും ബി ജെ പിയെ എതിരിടാനും ഊർജം നൽകിയേക്കും. ഇന്ത്യ സഖ്യത്തിന്റെ വിജയത്തിൽ ജമ്മുകശ്മീരിലെ പ്രതിപക്ഷ പാർട്ടികളായ പിപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും സി പി എമ്മും ആഹ്ലാദം പ്രകടിപ്പിച്ചിട്ടുണ്ട്.

കാർഗിൽ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. കശ്മീർ വെട്ടിമുറിക്കാനും ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനും തയ്യാറായ മോദി സർക്കാർ അവിടത്തെ ജനപിന്തുണ തങ്ങൾക്കാണെന്നാണ് കൊട്ടിഘോഷിച്ചുകൊണ്ട് നടന്നിരുന്നത്. എന്നാൽ ഈ ധാരണക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് കാർഗിൽ തിരഞ്ഞെടുപ്പ് വിളിച്ചറിയിക്കുകയാണ്. രാജ്യത്തിന്റെ മതേതരത്വത്തിന്റെയും ന്യൂനപക്ഷ താത്പര്യങ്ങളുടെയും കഴുത്തിൽ കഠാര കുത്തിക്കയറ്റിയിറക്കിയ ബി ജെ പി സർക്കാറിന് ലഭിച്ച ഏറ്റവും വലിയ പ്രഹരമാണ് ഈ തിരഞ്ഞെടുപ്പ്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest