Connect with us

feature

കരീംക്ക ഇപ്പോഴും സൈക്കിളിലാണ്...

സൈക്കിൾ ചവിട്ടുന്നതിന്റെ ഗുണങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന ജൂൺ മൂന്നു ലോകസൈക്കിൾദിനമായും ആചരിച്ചുവരുന്നു.

Published

|

Last Updated

സൈക്കിളിനെക്കുറിച്ചുള്ള ഏത് ചോദ്യത്തിനും കരീമിന്റെയടുക്കൽ ഞൊടിയിടയിൽ മറുപടിയുണ്ട്. ഇങ്ങനെ മറുപടി പറയാൻ ആലപ്പുഴ മാന്നാർ വിഷവർശേരിക്കര വാന്യത്തു പടിഞ്ഞാറ്റേതിൽ അബ്ദുൽ കരീമിനു ആത്മവിശ്വാസമുണ്ടാക്കിയത് സൈക്കിളിനോട് വർഷങ്ങളായി ഒട്ടിച്ചേർന്ന അദ്ദേഹത്തിന്റെ ജീവിതമാണ്. അഞ്ചാം ക്ലാസ്സിലെ പഠനം ഉപേക്ഷിച്ചു സൈക്കിൾ റിപ്പയറിംഗിലേക്കു തിരിഞ്ഞ കരീം 64 വയസ്സ് പിന്നിട്ടിട്ടും അതേപാതയിൽ തുടരുന്നു.
കരീമിന് ഇരുപത് വയസ്സുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം. തുടർന്ന് ജീവിത ഭാരം ഏറ്റെടുത്ത് സൈക്കിളിനോടൊപ്പമുള്ള സഞ്ചാരമായിരുന്നു.

ഒരാളുടെ കൂടെ സൈക്കിൾ ഷോപ്പിൽ പഞ്ചറൊട്ടിക്കലും മറ്റ് അറ്റകുറ്റപ്പണികളുമായിരുന്നു. തുടർന്ന് സ്വന്തമായി സൈക്കിൾ റിപ്പയറിംഗ് ഷോപ്പ് തുടങ്ങി. ഇതിനിടയിൽ അൽപ്പകാലം ഗൾഫിലും ജോലി ചെയ്തു. തുടർന്ന് മടങ്ങിവന്ന കരീം വീണ്ടും “സൈക്കിൾ ജീവിത’ത്തിലേക്കെത്തി. അരനൂറ്റാണ്ട് പിന്നിട്ട ആ യാത്ര തുടരുന്നതിനിടയിൽ വീട്ടിലെ പ്രാരാബ്ധങ്ങൾക്കും കുറെയൊക്കെ പരിഹാരമായി. എല്ലാവരും നല്ല നിലയിലായി എന്നു പറയുമ്പോൾ മുഖത്ത് നിറഞ്ഞ ചിരി മാത്രം. ഇതിനിടയിൽ ഒട്ടനവധി ശിഷ്യന്മാരെ സൃഷ്ടിക്കാനും കരീമിനായി. ഈ മേഖല പല പ്രതിസന്ധികളും നേരിടുകയാണ്. അപൂർമായേ ഇതിലേക്ക് ആളുകളെത്തുന്നുള്ളൂ. ഈ മേഖലയിലെ പ്രതിസന്ധി കാരണം ഒട്ടനവധി പേർ ഈ രംഗം വിടുകയും മറ്റു തൊഴിലിടങ്ങളിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്.

19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് സൈക്കിൾ പിറവിയെടുത്തതെങ്കിലും 21-ാം നൂറ്റാണ്ടായപ്പോഴക്കും ലോകത്താകമാനം ഒരു ബില്യൻ സൈക്കിൽ ഉപയോഗിച്ചുവന്നിരുന്നു. ബാരൻ കാൾ വോൾഡെയിസ് കണ്ടു പിടിച്ച ദാന്തി ഹോഴ്‌സ് എന്ന സൈക്കിളായിരുന്നു ആദ്യ ഇരുചക്ര വാഹനം. തടിയിൽ നിർമിച്ച ഇത് കാലാന്തരത്തിൽ ഇരുമ്പിലേക്കും മറ്റും ആധുനികവത്കരിക്കപ്പെട്ടു. 1885ൽ ചങ്ങലകൊണ്ടു വീലുകളെ തമ്മിൽ ബന്ധിപ്പിച്ചു കറക്കാവുന്ന സൈക്കിൾ കണ്ടു പിടിച്ചതോടെ സൈക്കിൾ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി മാറുകയായിരുന്നു.

സൈക്കിൾ ചവിട്ടുന്നതിന്റെ ഗുണങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന ജൂൺ മൂന്നു ലോകസൈക്കിൾദിനമായും ആചരിച്ചുവരുന്നു. ഇംഗ്‌ളീഷ് റാലി, ഹംബർ, റോബിൻ ഹുഡ്, ഹെർക്കുലിസ് തുടങ്ങിയ പ്രശസ്തങ്ങളായ സൈക്കിളുകളും പിൽക്കാലത്തു പിറവിയെടുത്തു. അതോടെ സൈക്കിൾ ഒരു ജനകീയ വാഹനമായി മാറി. കുട്ടികൾക്കുള്ള കളിപ്പാട്ട മോഡൽ സൈക്കിൾ മുതൽ ആധുനിക യന്ത്രം ഘടിപ്പിച്ച ആകർഷക സൈക്കിളുകളും ദീർഘയാത്രക്ക് ഉപയോഗിക്കാവുന്ന സൈക്കിളുകളും ഒക്കെ പിന്നീട് വിപണി കീഴടക്കി. കൂടാതെ ഭാരം കുറഞ്ഞതും പെൺകുട്ടികൾക്കു ഉപയോഗിക്കാവുന്നതുമായ ബിഎസ്എ സൈക്കിളുകളും മോട്ടോർ, ഗിയർ ഘടിപ്പിച്ചവയും ദീർഘയാത്രക്കുപകാരപ്രദമാകുന്ന വിധത്തിൽ സാധനങ്ങൾ സൂക്ഷിക്കാവുന്ന സംവിധാനത്തോടുകൂടിയ സൈക്കിളുകളും ഇപ്പോൾ ലഭ്യമാണ്.

കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ഇതു എത്തപ്പെട്ടതായി പറയുന്നുണ്ടെങ്കിലും എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായമാണുള്ളത്. ചൈനയിൽ നിന്നാണെന്നും അതല്ലാ, ഇംഗ്ലീഷുകാരാണ് കൊണ്ടുവന്നതെന്നും അതു മലബാറിലാണെന്നുമാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. മനുഷ്യാധ്വാനത്തിലൂടെ പെഡലുകൾ ഉപയോഗിച്ചു പ്രവർത്തിപ്പിച്ചിരുന്ന ഇരുചക്രവാഹനമെന്ന നിലയിൽ ചൈനീസ് ഫ്‌ളൈയിംഗ് പീജിയൻ എന്ന സൈക്കിളാണ് ലോകത്തു ഏറ്റവും അധികം ഉപയോഗിച്ചിരുന്നത്. ഏതാണ്ട് 500 മില്യൻ സൈക്കിളാണ് അക്കാലത്ത് നിർമിച്ചത്. കേരളത്തിൽ കൊടുങ്ങല്ലൂരിലും തിരുവനന്തപുരത്തും നൂറ് വർഷത്തിലേറെ പഴക്കമുള്ള സൈക്കിൾ ഇപ്പോഴും ചിലർ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

Latest