Kerala
കരിപ്പൂര്‍ വിമാന നിരക്ക്: ഹജ്ജ് തീര്‍ത്ഥാടകരുടെ ആശങ്ക ഉടന്‍ പരിഹരിക്കണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍
ആശങ്ക പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍.

മലപ്പുറം | കരിപ്പൂര്‍ വഴി യാത്ര ഉദ്ധേശിക്കുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാനക്കൂലി ഇതര എംബാർക്കേഷനുകളേക്കാള്‍ ഇരട്ടിയിലധികം വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത ഹാജിമാരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ആശങ്ക പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍.
ഹാജിമാരെ സംബന്ധിച്ചിടത്തോളം ഹജ്ജ് തീര്‍ത്ഥാടനം ചെറുപ്പം മുതലെയുള്ള അഭിലാഷമാണ്. കൂടുതല്‍ ഹാജിമാരും വര്‍ഷങ്ങളോളം തങ്ങളുടെ വേതനത്തില്‍ നിന്നും മറ്റും ചെറിയ തുകകള്‍ സ്വരൂപിച്ചാണ് ഹജ്ജ് കര്‍മത്തിനുള്ള പണം കണ്ടെത്തുന്നത്. സര്‍ക്കാര്‍ മുഖേന പോകുന്ന ഹാജിമാരില്‍ കൂടുതലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ദരിദ്രരുമാണ്. അവരുടെ സ്വപ്‌നങ്ങളുടെ ചിറകരിയാന്‍ പാടില്ല. കുറെ വര്‍ഷങ്ങള്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയ ഇടമാണ് കരിപ്പൂര്‍. സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള അനുമതി നല്‍കി ഹാജിമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണം.
സര്‍ക്കാര്‍ ഹാജിമാരില്‍ 70 ശതമാനവും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനെയാണ് ആശ്രയിക്കുന്നത്. അതില്‍ കൂടുതലും പ്രായമുള്ളവരും സ്ത്രീകളും കുട്ടികളുമാണ്. ഇതര എംബാര്‍ക്കേഷനുകളിലേക്കുള്ള യാത്ര ഹാജിമാര്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുമെന്നും ടെന്‍ഡര്‍ നടപടികള്‍ പുനപരിശോധിച്ച് പ്രസ്തുത പ്രശ്‌നങ്ങള്‍ക്ക് അധികൃതര്‍ അടിയന്തിര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.