Uae
കരിപ്പൂര്‍ വിമാനത്താവള പ്രതിസന്ധി: പ്രവാസ ലോകത്തിനു കടുത്ത പ്രതിഷേധം
കഴിഞ്ഞ വര്‍ഷം 168 കോടി രൂപയും അതിന് മുമ്പത്തെ വര്‍ഷം 92 കോടി രൂപയും ലാഭം നേടി തന്ന കരിപ്പൂര്‍ വിമാനത്താവളത്തെ എന്തിന്റെ പേരിലാണ് ഇത്തരത്തില്‍ ക്രൂശിക്കുന്നത് എന്ന അര്‍ത്ഥവത്തായ ചോദ്യവും അവര്‍ ഉന്നയിക്കുന്നു.
ദുബൈ | കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കത്തിനെതിരെ പ്രവാസ ലോകത്തിനു കടുത്ത പ്രതിഷേധം. ഗള്‍ഫ് പ്രവാസികളില്‍ മഹാഭൂരിപക്ഷം ഉപയോഗിച്ച് വരുന്നതും പൊതുമേഖലയില്‍ വരുമാനത്തില്‍ വളരെ മുന്നിലുള്ളതുമായ കരിപ്പൂരിന്റെ വികസനത്തെ പാടേ അട്ടിമറിക്കുന്ന തരത്തില്‍ റണ്‍വേയുടെ നീളം കുറയ്ക്കാനുള്ള വിമാനത്താവള അതോറിറ്റി തീരുമാനമാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ നീളം 240 മീറ്ററായി വര്‍ധിപ്പിക്കാനായി റണ്‍വേയുടെ നിലവിലുള്ള 2860 മീറ്റര്‍ നീളം 2540 മീറ്ററായി കുറയ്ക്കാനാണ് നിര്‌ദേശിക്കപ്പെട്ടിരിക്കുന്നത്.
മൂന്നരപ്പതിറ്റാണ്ടുമുമ്പ് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നിലനില്‍പ്പിനായുള്ള കടുത്ത പോരാട്ടത്തിലാണ് കരിപ്പൂര്‍ വിമാനത്താവളമെന്ന് പ്രവാസികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 168 കോടി രൂപയും അതിന് മുമ്പത്തെ വര്‍ഷം 92 കോടി രൂപയും ലാഭം നേടി തന്ന കരിപ്പൂര്‍ വിമാനത്താവളത്തെ എന്തിന്റെ പേരിലാണ് ഇത്തരത്തില്‍ ക്രൂശിക്കുന്നത് എന്ന അര്‍ത്ഥവത്തായ ചോദ്യവും അവര്‍ ഉന്നയിക്കുന്നു.
കരിപ്പൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ഒരു നീക്കവും ഇതുവരെ ഉണ്ടാകുന്നില്ല എന്നത് അവര്‍ ചൂണ്ടിക്കാണിക്കുന്നു. 2011 ജനുവരിയില്‍ സ്ഥലമേറ്റെടുപ്പിനായി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് തുടങ്ങിയെങ്കിലും ഇക്കാലംവരെ സര്‍വേ നടപടികള്‍പോലും നടത്താനായില്ല. 15.5 ഏക്കര്‍ ഭൂമി കാര്‍പാര്‍ക്കിങ്ങിനായി ഏറ്റെടുക്കുമെന്നു പറഞ്ഞതും നടന്നില്ല. 2015-ല്‍ റണ്‍വേ റീകാര്‍പ്പെറ്റിങ് ചെയ്യാന്‍വേണ്ടി വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നിഷേധിച്ചിരുന്നു. എന്നാല്‍, പണികഴിഞ്ഞിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയില്ല. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സംഘടനകളുടെയും ഭാഗത്തു നിന്ന് നിരവധി നീക്കങ്ങള്‍ നടന്നിട്ടും പലതും ഉദ്യോഗസ്ഥതലത്തില്‍ അട്ടിമറിക്കപ്പെടുകയാണ് എന്ന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവാസി സമൂഹം ഉന്നയിക്കുന്നു.
വലിയ വിമാനങ്ങള്‍ വരാതാവുന്നതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിന് പൂര്‍ണമായും നഷ്ടമാവും. ചുരുക്കിപ്പറഞ്ഞാല്‍ നാലുഭാഗത്തുനിന്നും പലതരത്തിലുള്ള സമ്മര്‍ദം സൃഷ്ടിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാന്‍ ശ്രമിക്കുന്നത്. ഇത് മനഃപൂര്‍വമാണെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാനാവില്ല. വിമാനത്താവളത്തെ കടുത്ത പ്രതിസന്ധിയിലാക്കി, ആ പേരുപറഞ്ഞ് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള ആലോചനയാണ് നടക്കുന്നതെന്നത് ആരോപിക്കുന്നവരുണ്ട്.
എന്നാല്‍, സ്വകാര്യവത്കരത്തിലൂടെ മാത്രമാണ് ഈ പ്രതിസന്ധിക്ക് പരിഹാരമെന്ന് വിശ്വസിക്കുന്നവരും പ്രവാസികളില്‍ ഉണ്ട്. നിലനില്പിന്നുള്ള അവസാന ശ്രമമെന്ന നിലയിലാണ് അവരും ഇതിനെ കാണുന്നത്.അതിനിടെ ഇന്നലെ, കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം പിമാരുടെ സംഘത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തിന്റെ തുടര്‍നടപടിയും വികസന കാര്യത്തില്‍ ഏത് രീതിയിലുള്ള ഇടപെടലുമാണ് അധികൃതര്‍ സ്വീകരിക്കുക എന്നത് കാത്തിരുന്നു കാണേണ്ടി വരും.