Connect with us

karipur airport hajj embarkation

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

Published

|

Last Updated

മലപ്പുറം | കരിപ്പൂർ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷന്റെയും  ഹജ്ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിലുള്ള  കരിപ്പൂർ ഹജ്ജ് എംബാർകേഷൻ  ആക്ഷൻ ഫോറം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ദീർഘകാലമായി ഹജ്ജ് യാത്രാ  പുറപ്പെടൽ കേന്ദ്രമായിരുന്നു കരിപ്പൂർ വിമാനത്താവളം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ 21 എംബാർകേഷൻ പോയിന്റുകൾ 10 ആയി ചുരുക്കി. കേരളത്തിൽ ഭൂരിപക്ഷവും ആശ്രയിച്ചിരുന്ന കരിപ്പൂരിനെ ഒഴിവാക്കി കൊച്ചി മാത്രമാണ് എംബാർകേഷൻ പോയിന്റ്. ഈ വർഷവും ഹജ്ജ് അപേക്ഷകരിൽ 80 ശതമാനത്തിലധികം പേരും കരിപ്പൂരിനെ പുറപ്പെടൽ കേന്ദ്രമാക്കി തിരഞ്ഞെടുത്തപ്പോൾ 20 ശതമാനത്തിൽ താഴെ മാത്രമാണ് കൊച്ചിയെ പരിഗണിച്ചത്.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ജനകീയ സഹകരണത്തോടെ കേരള സർക്കാർ  കോടികൾ മുടക്കി നിർമിച്ച വിശാലമായ ഹജ്ജ് ഹൗസ്, പുതിയതായി നിർമിച്ച വനിതാ ബ്ലോക്ക് എന്നിവ നിലവിലുള്ളപ്പോൾ തികച്ചും താത്കാലിക സംവിധാനം മാത്രമുള്ള കൊച്ചിയിൽ നിന്ന് യാത്ര പുറപ്പെടുന്നത് വളരെ പ്രയാസകരമാണ്. മാത്രമല്ല സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയും വരുന്നു.  ഹാജിമാരിൽ മഹാ ഭൂരിപക്ഷവും മലബാർ മേഖലയിൽ നിന്നായിരിക്കെ മണിക്കൂറുകൾ യാത്ര ചെയ്ത് കൊച്ചിയിലെത്തുന്നത് പ്രായമായ ഹാജിമാരടക്കമുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്നു.

അതിനാൽ ഈ വർഷത്തെ ഹജ്ജ് യാത്രാ പുറപ്പെടൽ കേന്ദ്രമായി കരിപ്പൂരിനെ കൂടി ഉൾപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുർറഹ്‌മാനുമായും സംഘം കൂടിക്കാഴ്ച നടത്തി. ആക്ഷൻ ഫോറം ചെയർമാൻ പി ടി ഇമ്പിച്ചിക്കോയ ഹാജി, ജനറൽ കൺവീനർ പി അബ്ദുർറഹ്മാൻ ഇണ്ണി, ഭാരവാഹികളായ എച്ച് മുസമ്മിൽ ഹാജി, സിദ്ദീഖ് പുല്ലാര സംബന്ധിച്ചു.