Malappuram
കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറെ കണ്ടു
കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുന: പരിശോധിക്കണമെന്ന് അസോസിയേഷൻ ഗവർണറോട് അഭ്യർഥിച്ചു.
മലപ്പുറം | ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുന: പരിശോധിക്കണമെന്ന് അസോസിയേഷൻ ഗവർണറോട് അഭ്യർഥിച്ചു.
20 ശതമാനത്തിനു താഴെ മാത്രം ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ എംബാർക്കേഷൻ ലിസ്റ്റിലുള്ളത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ഹജ്ജ് ഹൗസും പുതുതായി നിർമ്മിച്ച വനിതാ ബ്ലോക്കും അടക്കം വിപുലമായ സൗകര്യങ്ങളാണ് കരിപ്പൂരിലുള്ളത്. ഇതേ സമയം കൊച്ചിയിൽ എല്ലാം താല്കാലികമായി ഏർപ്പെടുത്തേണ്ടതുണ്ട്. ഭീമമായ ചെലവ് സർക്കാർ വഹിക്കേണ്ടിവരും. 2002 മുതൽ ദിർഘകാലം കരിപ്പൂരിൽ നിന്നായിരുന്നു ഹജ്ജ് യാത്ര നടത്തിയിരുന്നത്.
ഹജ്ജ് തീർത്ഥാടകരോടുള്ള മാനുഷിക പരിഗണന എങ്കിലും നൽകി ഈ വർഷം തന്നെ കരിപ്പൂര് എംബാർക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും സംഘം ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം
കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്നും ആവശ്യമായ ഇടപെടലുകൾ നടത്താമെന്നും ഗവർണർ ഉറപ്പു നൽകി.
കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ പി.അബ്ദു റഹ്‌മാൻ എന്ന ഇണ്ണി, മംഗലം സൻഫാരി, പി.പി.മുജീബ് റഹ് മാൻ വടക്കേമണ്ണ, മുൻ ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ മുജീബ് പുത്തലത്ത് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.