Connect with us

സ്മൃതി

ജ്ഞാന സേവനത്തിന്റെ കർമസാഫല്യം

ചുരുക്കത്തിൽ തികച്ചും വ്യതിരിക്തമായിരുന്നു ഉസ്താദിന്റെ ജീവിതം. എല്ലാവരും വിശ്രമിച്ചപ്പോൾ ഉസ്താദ് കണ്ണുതുറന്ന് ദീനിന് കാവൽ നിന്നു.

Published

|

Last Updated

ശൈഖുൽ ഹദീസ് ശൈഖുനാ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു. വിജ്ഞാന മേഖലയിൽ നിറസാന്നിധ്യമായി നിലകൊള്ളുകയും നിരവധി പണ്ഡിതപ്രതിഭകളുടെ ബഹുവന്ദ്യ ഗുരുവായി തിളങ്ങിനിൽക്കുകയും ചെയ്തു മഹാൻ. ഒട്ടുമിക്ക വിജ്ഞാന മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഉസ്താദ് ഹദീസ് വിജ്ഞാനത്തിൽ അനിതരസാധാരണമായ വൈഭവം നേടിയിരുന്നു. അതുകൊണ്ടുതന്നെ പണ്ഡിതലോകം ശൈഖുൽ ഹദീസ് എന്ന് ഉസ്താദിനെ സ്നേഹിച്ചു വിളിച്ചു.

മുസ്്ലിയാരകത്ത് അഹമ്മദ് മുസ്‌ലിയാർ – കോട്ടക്കുത്ത് മറിയം ദമ്പതികളുടെ മകനായി 1939 ലാണ് ജനനം. കുട്ടിമുസ്്ലിയാരടക്കം മഹാന്മാരായ നിരവധി പണ്ഡിതന്മാരിൽ നിന്ന് ആഴമേറിയ വിദ്യ നേടി. പല പള്ളി ദർസുകളിലും നന്തി ദാറുസ്സലാം, മർകസു സ്സഖാഫതിസ്സുന്നിയ്യ കോളജുകളിലും സ്തുത്യർഹമായ രീതിയിൽ ദർസ് നടത്തി. നിരവധി മലയാളം, അറബി ഗ്രന്ഥങ്ങൾ വിജ്ഞാന കുതുകികൾക്ക് സമർപ്പിച്ച് തന്റെ സഫലമായ ജീവിതത്തിനൊടുവിൽ 2011 ഏപ്രിൽ മൂന്നിന് (റബീഉൽ ആഖിർ: 29 ) മഹാൻ വഫാത്തായി. വിദ്യാർഥി കാലം മുതൽ ഒരു നിമിഷം പോലും വെറുതെ കളയാതെ വിജ്ഞാന സപര്യയിൽ മുഴുകിയായിരുന്നു ജീവിതം.

നിദ്രാവിഹീനമായ രാത്രികളും ഊർജസ്വലമായ പകലുകളും. പല ദിവസങ്ങളിലും തീരെ ഉറങ്ങാതിരുന്നു. ഇങ്ങനെയുള്ള കഠിനാധ്വാനത്തിന്റെ ഫലമായി സമകാലികരിൽ നിന്ന് തികച്ചും വ്യത്യസ്തനായ ഒരു പണ്ഡിതനായി ശൈഖുന മാറി. ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതം, അഹലു സുന്നത്തി വൽ ജമാഅയുടെ ആദർശ വിഷയങ്ങൾ, കർമശാസ്ത്രം, ചരിത്രം, തർക്കശാസ്ത്രം, ഫിലോസഫി, തിയോളജി എന്നിത്യാദി വൈവിധ്യപൂർണമായ ജ്ഞാന മേഖലകൾ ശരിക്കും ആവാഹിക്കുക തന്നെ ചെയ്തു നെല്ലിക്കുത്ത് ഉസ്താദ്. ഒട്ടുമിക്ക വിജ്ഞാന ശാഖകളിലും അറബിയിലോ മാതൃഭാഷയിലോ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. നേരത്തെ സൂചിപ്പിച്ച കഠിനാധ്വാനത്തിന്റെ അനന്തരഫലമായിരുന്നു ഇതെല്ലാം.

തന്നിൽനിന്ന് പഠനം നടത്തിയ ഏതൊരു വിദ്യാർഥിക്കും ഉസ്താദ് ഏറെ സ്നേഹിക്കുന്നതും പരിഗണിക്കുന്നതും തന്നെയാണെന്ന് തോന്നാവുന്ന വിധം എല്ലാവരോടും ഹൃദ്യമായ രീതിയിൽ ഇടപെട്ടു. പലപ്പോഴും ഉപദേശിയായി, രക്ഷിതാവായി, കൂട്ടുകാരനുമായി. പലർക്കും സാധ്യമാകാത്ത ജീവിതരീതിയായിരുന്നു ഉസ്താദ് വെച്ചുപുലർത്തിയിരുന്നത്. ഇമാം നവവി (റ)നെ കുറിച്ച് പ്രിയ ശിഷ്യൻ ഇബ്നുൽ അത്താർ (റ) പറഞ്ഞ പ്രസിദ്ധമായ ഒരു വാചകം ഇങ്ങനെ: “എന്റെ ഗുരുവും വഴികാട്ടിയും രക്ഷിതാവുമായിരുന്നു നവവി(റ). അതോടൊപ്പം എന്റെ ഉറ്റ സുഹൃത്തുമായിരുന്നു ‘. ഇത് പിൽക്കാലത്ത് അക്ഷരാർഥത്തിൽ നെല്ലിക്കുത്ത് ഉസ്താദിൽ പുലരുന്നത് കാണാം. ഓരോ വിദ്യാർഥിയോടും അത്രമേൽ ഹൃദ്യമായി ഇടപെട്ടു, ബന്ധം സ്ഥാപിച്ചു. ക്ലാസ്സുകൾ സൗഹൃദ ചർച്ചകളും പലപ്പോഴും ഗൗരവതരമായ സംവാദ വേദികളുമാക്കി മാറ്റി. ഇരുന്നൂറും മുന്നൂറും വിദ്യാർഥികളുള്ള ക്ലാസ്സുകളിൽ പോലും ഉസ്താദ് ഒറ്റക്കും അവരെല്ലാം മറുചേരിയുമായി സംവാദത്തിലേർപ്പെട്ടു. ഭാവിയുടെ വാഗ്ദാനങ്ങളാകുന്ന പ്രബോധകരെ

പരിശീലിപ്പിച്ചെടുക്കുകയായിരുന്നു ഉസ്താദ് ഇതുവഴിയൊക്കെ.
വിജ്ഞാന ദാനം മാത്രമല്ല അതിന്റെ പ്രായോഗിക പരിശീലനം കൂടെ ഉസ്താദ് നിർവഹിച്ചു. പഠിച്ചറിഞ്ഞ അറിവുകൾ ഏതൊക്കെ രീതിയിൽ ഉപയോഗിക്കണമെന്ന് അവിടുന്ന് കാണിച്ചുതന്നു. അവരുടെ പരമാവധി വിജ്ഞാനം അളന്നെടുക്കാനും കുറവുകൾ പരിഹരിക്കാനും ആവശ്യമായ കൂട്ടിച്ചേർക്കലും വിശദീകരണവും നൽകാനും അവിടുത്തെ ക്ലാസ്സുകൾക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് അഹ്്ലുസ്സുന്നയുടെ പ്രബോധന പാതയിൽ ഉയർന്നു നിൽക്കുന്ന യുവ പണ്ഡിതരെല്ലാം നെല്ലിക്കുത്ത് ഉസ്താദിന്റെ പരിശീലന കളരിയിൽ നിന്ന് വിജയിച്ചു വന്നവരാണ്. പ്രബോധനാർഥം പലപ്പോഴും അവസരോചിത തന്ത്രങ്ങൾ ഉപയോഗിക്കണമെന്ന് ഉസ്താദ് ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.

തന്റെ വിദ്യാർഥി – അധ്യാപന കാലത്തുണ്ടായ പ്രവർത്തനങ്ങളെയും സംവാദങ്ങളെയും വിദ്യാർഥികൾക്ക് വിശദീകരിച്ചു കൊടുക്കുകയും അവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദീനീ രംഗം സജീവമാക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ക്ലാസ്സുകളിൽ പ്രാവീണ്യം പ്രകടിപ്പിക്കാതെ അന്തർമുഖരായിരിക്കുന്ന ചില വിദ്യാർഥികളുണ്ടാവുമല്ലോ. മർകസ് അവസാന വർഷ ക്ലാസ്സുകളിൽ അറുനൂറിലേറെ വിദ്യാർഥികൾ ഒന്നിച്ചിരുന്ന കാലത്തും ഓരോരുത്തരെയും ഉസ്താദ് സൂക്ഷ്മമായി വീക്ഷിക്കുകയും രംഗത്ത് കൊണ്ടുവരികയും ചെയ്തു. ഇതിനുവേണ്ടി വിദ്യാർഥികളെ പല വിധത്തിൽ പരിശീലിപ്പിച്ചെടുക്കാനും അവിടുന്ന് തയ്യാറായി. നോക്കുക, സമകാലികർക്കിടയിൽ തികച്ചും വ്യത്യസ്തനായ ഒരു മഹാ പണ്ഡിതനായിട്ടും വിദ്യാർഥികൾക്കിടയിൽ ഇണങ്ങിച്ചേർന്നു ജീവിക്കാൻ ഉസ്താദ് തയ്യാറായി.

അതുകൊണ്ടുതന്നെയാണ് ഇന്നും ശൈഖുൽ ഹദീസ് എന്ന പേരു കേൾക്കുമ്പോഴേക്കും അവരുടെ മനസ്സ് തരളിതമാകുന്നത്; പ്രാർഥനാനിരതമാകുന്നത്.തദ്്രീസ്, പ്രഭാഷണം, സംവാദം, മുഖാമുഖം തുടങ്ങി ദീനീ പ്രചാരണത്തിന്റെ എല്ലാ മേഖലയിലും നെല്ലിക്കുത്ത് ഉസ്താദ് മികച്ചു നിന്നിരുന്നു. പക്ഷേ, അവിടുത്തെ പ്രവർത്തന ത്വര ഇവിടം കൊണ്ട് അവസാനിച്ചില്ല. നീണ്ടുനിൽക്കുന്ന വിജ്ഞാന സേവനത്തിനായി പിന്നെയും അധ്വാനിച്ചു. ഇതിന്റെ ഫലമായാണ് നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ തയ്യാറാക്കാൻ മഹാന് കഴിഞ്ഞത്.

പ്രസിദ്ധ ഹദീസ് ഗ്രന്ഥം മിശ്കാത്തുൽ മസ്വാബീഹിന് ഉസ്താദ് തയ്യാറാക്കിയ എട്ട് വാള്യങ്ങളിലായി ഏഴായിരത്തിലധികം പേജുകൾ വരുന്ന മിർആത്തുൽ മിശ്കാത്ത് എന്ന ഏറെ ബൃഹത്തായ കിതാബടക്കം ധാരാളം രചനകൾ ശൈഖുനയുടേതായുണ്ട്.

ആദർശ വിഷയങ്ങൾ പ്രമാണബദ്ധമായി വിശദീകരിക്കുന്ന അഖിദതുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ബ്രഹത് ഗ്രന്ഥങ്ങളും ഹാശിയതുരിസാല, തഖ്്രീറു മുല്ലാഹസൻ, ഹാശിയതുതശ്രീഹിൽ മൻത്വിഖ്, തഖ്‌രീറുൻ അലാ ജലാലൈനി തുടങ്ങിയ അറബി ഗ്രന്ഥങ്ങൾ ഏറെ ഗഹനവും ആശയ സമ്പൂർണവുമാണ്. ഒട്ടും പുറകിലല്ലാത്ത വിധം മാതൃഭാഷയിലും ഉസ്താദിന് രചനകളുണ്ടായി. തൗഹീദ് ഒരു സമഗ്ര പഠനം, മദ്ഹബുകളും ഇമാമുകളും ഹ്രസ്വപഠനം, ഇസ്‌ലാം മതം, ജുമുഅ ഒരു പഠനം, ഇസ്‌ലാമിലെ സാമ്പത്തിക നിയമങ്ങൾ, ഫതാവാ തുടങ്ങിയവ ഏറെ ശ്രദ്ധേയം. സാധാരണ പണ്ഡിതന്മാർ എത്തിപ്പെടാത്ത വിവിധ മതങ്ങളെ കുറിച്ചുള്ള പഠനങ്ങളിലും ഉസ്താദ് വ്യുൽപത്തി നേടി.

ഹൈന്ദവ, ക്രൈസ്തവ , ബുദ്ധമതങ്ങളെ വിലയിരുത്തിയും ഇസ്‌ലാമിന്റെ വിശ്വാസ – കർമങ്ങളുടെ ആധികാരികത തെളിയിച്ചും രചിച്ച “മതങ്ങളിലൂടെ ഒരു പഠന പര്യടനം’ എന്ന പുസ്തകം സാക്ഷി! ആദർശ പഠനം കിതാബ് ഓതിയ ഉസ്താദുമാരിൽ പരിമിതപ്പെടരുതെന്ന തന്റെ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണത്തിനായി സാധാരണ വിശ്വാസികൾക്ക് ഇസ്തിഗാസയും തവസ്സുലും മറ്റു വിശ്വാസ കർമ കാര്യങ്ങളും പഠിപ്പിക്കുന്ന വഴിമാറി സഞ്ചരിക്കുന്നവർ എന്ന ഗാന ഗ്രന്ഥവും മഹാൻ രചിച്ചു. ഞാൻ മരണപ്പെട്ടാലും വിജ്ഞാന കുതുകികളുടെ ഇടയിൽ ജീവിക്കുന്ന നൂറ് ഗ്രന്ഥങ്ങൾ എന്നത് എന്റെ സ്വപ്നമാണ് എന്ന് അവിടുന്ന് ക്ലാസ്സുകളിൽ പലപ്പോഴും ഞങ്ങളോട് പറയാറുണ്ടായിരുന്നു. ആ ജീവിതം അതിന്റെ സാക്ഷാത്്കാരമായി.

ചുരുക്കത്തിൽ തികച്ചും വ്യതിരിക്തമായിരുന്നു ഉസ്താദിന്റെ ജീവിതം. എല്ലാവരും വിശ്രമിച്ചപ്പോൾ ഉസ്താദ് കണ്ണുതുറന്ന് ദീനിന് കാവൽ നിന്നു. അർബുദം ബാധിച്ച് എറണാകുളത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റായി കിടക്കുമ്പോൾ ഞങ്ങൾ സന്ദർശിച്ചു. അപ്പോഴും ശിഷ്യരായ ഞങ്ങളോട് രോഗത്തെ കുറിച്ചല്ല ആദർശത്തെ കുറിച്ചായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്. കഠിനാധ്വാനം ചെയ്തു വിജ്ഞാനത്തിന്റെ ഗിരിശൃംഗങ്ങളിലേറി. അത് നിരന്തരം മൂർച്ചകൂട്ടുകയും വികസിപ്പിക്കുകയും വിദ്യാർഥികൾക്കും സമൂഹത്തിനും പകർന്നു നൽകുകയും ചെയ്തു. അങ്ങനെ തന്റെ ജന്മലക്ഷ്യം സമ്പൂർണമായി പൂർത്തീകരിച്ചാണ് ഉസ്താദ് വഫാത്തായത്. അല്ലാഹു സ്വർഗത്തിൽ ഉന്നത ദറജ നൽകി അനുഗ്രഹിക്കുമാറാകട്ടെ.

Latest