Hijab Row in Karnataka
ഹിജാബ് കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരായ ട്വീറ്റ്: കര്‍ണാടക നടന്‍ ചേതന്‍കുമാര്‍ അറസ്റ്റില്‍
ഹിജാബ് നിരോധനത്തിനെതിരെ ദളിത് അനുകൂല സംഘടനകളുടെ മാര്‍ച്ചില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പോലീസ് നടപടി
ബെംഗളൂരു | കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ച് കന്നഡ സിനിമാ നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ഹിജാബ് വിലക്കിനെതിരായ ഹരജികള്‍ കേള്‍ക്കുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരായ ട്വീറ്റാണ് അറസ്റ്റിന് കാരണം.
ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെക്കുറിച്ചുള്ള തന്റെ പഴയ ട്വീറ്റുകളിലൊന്ന് ഫെബ്രുവരി 16ന് ചേതന്‍ കുമാര്‍ റീ ട്വീറ്റ് ചെയ്തിരുന്നു. ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഭാരതീയ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്ന ഹൈക്കോടതി ജസ്റ്റിസിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു ട്വീറ്റായിരുന്നു ഇത്.
ബലാംത്സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്. അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതന്‍ കുമാര്‍ ട്വീറ്റിലൂടെ ചോദിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ ദളിത് അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്.