National
കര്‍ണാടക ബി ജെ പിയിലെ പോര് തെരുവിലേക്ക്; യെദ്യൂരപ്പയെ വളഞ്ഞ് പ്രവര്‍ത്തകര്‍
മകനെ യെദ്യൂരപ്പ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി തള്ളിക്കളയുകയും ചെയ്തിരുന്നു
ബെംഗളൂരു | കര്‍ണാടക ബി ജെ പിക്കുള്ളിലെ ചേരിപ്പോര് തെരുവിലേക്ക്. ചിക്കമംഗളൂരുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോക്കെത്തിയ മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വളയുകയും ഇതേതുടര്‍ന്ന് പ്രചാരണം അവസാനിപ്പിക്കേണ്ടിയും വന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയുടെ അനുയായികളാണ് യദ്യൂരപ്പക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്.
ശിമോഗ ജില്ലയിലെ ശികാരിപുര മണ്ഡലത്തിൽ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തന്റെ മകന്‍ ബി വൈ വിജയേന്ദ്രയെ യെദ്യൂരപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി തള്ളിക്കളഞ്ഞതോടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ തന്നെ യെദ്യൂരപ്പക്കെതിരെ തെരുവിലിറങ്ങുന്നത്.
ബി ജെ പിയുടെ വിജയ് സങ്കല്‍പ് യാത്ര നയിക്കാനായി യെദ്യൂരപ്പ മുഡിഗേരി മണ്ഡലത്തിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സി ടി രവിയെ പിന്തുണക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രിയുടെ കാര്‍ വളഞ്ഞതോടെ റോഡ് ഷോ അവസാനിപ്പിച്ച് യെദ്യൂരപ്പക്ക് മടങ്ങേണ്ടിവന്നു. സംഭവ സമയത്ത് സി ടി രവി സ്ഥലത്തുണ്ടായിരുന്നതായും അനുയായികള്‍ക്കൊപ്പം നടന്നുനീങ്ങുന്നതും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
കര്‍ണാടക നിയമസഭയിലേക്ക് അടുത്ത മെയ് മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് ശക്തമായ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ബി ജെ പിയില്‍ തമ്മിലടി നടക്കുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ തലവേദന ആയിരിക്കുകയാണ്.