Connect with us

National

കര്‍ണാടക ബജറ്റ്: കൊവിഡ് പ്രതിസന്ധി സംസ്ഥാനം മറികടന്നെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

കര്‍ഷകര്‍ക്കായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയില്‍ റവന്യു സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കൊവിഡ് കാല പ്രതിസന്ധി സംസ്ഥാനം മറികടന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയുടെ നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തില്‍ 20 ശതമാനം കൂടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്കായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. താങ്ങുവില നല്‍കാനായി ആകെ 3500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഈ വര്‍ഷം മുതല്‍ 5 ലക്ഷം വരെ പലിശരഹിത വായ്പയും നല്‍കും. ഭൂസിരി കര്‍ഷക ക്ഷേമപദ്ധതിയും പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ട്. 146 കോടി രൂപ ചെലവില്‍ ബെംഗളുരു നിംഹാന്‍സ് കാമ്പസില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രി ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

അതിനിടെ ചെവിയില്‍ പൂ വെച്ചാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു പ്രതിപക്ഷ അംഗങ്ങളും സഭയിലെത്തിയത്. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ ഭരണപക്ഷം രംഗത്തെത്തി. ഭരണ-പ്രതിപക്ഷ ബഹളം മുറുകിയപ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

 

 

Latest