Connect with us

National

സി, ഡി ക്ലാസ് ജോലികളിൽ നൂറ് ശതമാനം സ്വദേശി സംവരണം ഏർപ്പെടുത്താൻ കർണാടക മന്ത്രിസഭാ തീരുമാനം; ബിൽ ഉടൻ

മാനേജ്‌മെൻ്റ് ജോലികളിൽ 50 ശതമാനവും മാനേജ്‌മെൻ്റ് ഇതര ജോലികളിൽ 75 ശതമാനവും സ്വദേശി സംവരണം ഏർപ്പെടുത്താനും വ്യവസ്ഥ

Published

|

Last Updated

ബംഗളൂരു | കർണാടകയിൽ സ്വകാര്യമേഖല ഉൾപ്പെടെ എല്ലാ വ്യവസായങ്ങളിലും സി, ഡി വിഭാഗങ്ങളിലെ ജോലികളിൽ കന്നഡക്കാർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാനേജ്‌മെൻ്റ് ജോലികളിൽ 50 ശതമാനവും മാനേജ്‌മെൻ്റ് ഇതര ജോലികളിൽ 75 ശതമാനവും സ്വദേശി സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. സി, ഡി ഗ്രേഡ് സർക്കാർ ജോലികളിൽ തദ്ദേശീയർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. വ്യവസായങ്ങൾ, ഫാക്ടറികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ പ്രാദേശിക ഉദ്യോഗാർത്ഥികളുടെ സ്റ്റേറ്റ് എംപ്ലോയ്‌മെൻ്റ് ബിൽ, 2024 എന്നാണ് ബില്ലിൻ്റെ പേര്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭാ തീരുമാനം സംബന്ധിച്ച വിശദാംശങ്ങൾ എക്സ് പോസ്റ്റിൽ പങ്കുവെച്ചുവെങ്കിലും പിന്നീട് പിൻവലിച്ചു. “സംസ്ഥാനത്തെ എല്ലാ സ്വകാര്യവ്യവസായങ്ങളിലും സി, ഡി ഗ്രേഡ് തസ്തികകളിൽ 100 ശതമാനം കന്നഡക്കാരെ നിയമിക്കുന്നത് നിർബന്ധമാക്കുന്ന ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കന്നഡക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ഞങ്ങളുടെ സർക്കാരിൻ്റെ ആഗ്രഹം. സ്വന്തം മണ്ണിൽ സുഖകരമായ ജീവിതം കെട്ടിപ്പടുക്കാൻ കന്നഡക്കാരെ അനുവദിക്കണം. കന്നഡക്കാരുടെ ക്ഷേത്തിനാണ് മുൻഗണന” – ഇതായിരുന്നു സിദ്ദരാമയ്യയുടെ എക്സ് പോസ്റ്റ്.

മാനേജ്‌മെൻ്റിൽ (തലത്തിൽ) 50% ആളുകൾക്ക് സംവരണം നൽകാൻ തീരുമാനിച്ചതായി കർണാടക തൊഴിൽ മന്ത്രി സന്തോഷ് എസ് ലാഡ് വ്യക്തമാക്കി. “മാനേജ്മെൻ്റ് ഇതര തലത്തിൽ 70% പേർക്ക് ജോലി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്…അത്തരം കഴിവുകൾ ഇല്ലെങ്കിൽ ആളുകളെ ഔട്ട് സോഴ്സ് ചെയ്ത് അവർക്ക് ഇവിടെ ജോലി നൽകാം.എന്നാൽ സർക്കാർ നിയമം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പ്രാദേശികമായി ലഭ്യമായ കഴിവുകൾക്ക് മുൻഗണന നൽകാൻ – അത് ഇവിടെ ലഭ്യമാണെങ്കിൽ,” അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വ്യവസായങ്ങളിലെ ജോലി ഒഴിവുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്ന് തൊഴിൽ വകുപ്പ് തയ്യാറാക്കിയ ബില്ലിൽ അവകാശപ്പെടുന്നു. സംസ്ഥാനത്ത് നിന്ന് ഭൂമിയും വെള്ളവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്ന വ്യവസായങ്ങൾ തദ്ദേശവാസികൾക്ക് ജോലിയിൽ സംവരണം നൽകണമെന്നും ബില്ലിൽ പറയുന്നു.

Latest