Connect with us

National

കര്‍ണാടക മുഖ്യമന്ത്രി: ഭൂരിഭാഗം കോണ്‍ഗ്രസ് എം എല്‍ എമാരുടെയും പിന്തുണ സിദ്ധരാമയ്യക്ക്

45 നിയമസഭാംഗങ്ങളാണ് ഡി കെ ശിവകുമാറിനൊപ്പമുള്ളത്.

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ഭൂരിഭാഗം എം എല്‍ എമാരുടെയും പിന്തുണ സിദ്ധരാമയ്യക്ക്. 85 എം എല്‍ എമാര്‍ സിദ്ധരാമയ്യയെ പിന്തുണക്കുന്നതായാണ് എ ഐ സി സി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്.

45 നിയമസഭാംഗങ്ങളാണ് ഡി കെ ശിവകുമാറിനൊപ്പമുള്ളത്. അതേസമയം, ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണെന്നും നിരീക്ഷക സമിതി റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് പക്ഷെ, ജനവിധി വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ഉഴലുകയാണ്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന ഡി കെ ശിവകുമാര്‍ കടുത്ത അതൃപ്തിയിലാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം നേടാനായതിനു പിന്നിലെ ചാലക ശക്തി താനാണെന്നാണ് ഡി കെ പറയുന്നത്. എന്നാല്‍, വിമത നീക്കത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്കായി സിദ്ധരാമയ്യ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ രാത്രിയോടെ ഡല്‍ഹിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കുകയായിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ നേതാക്കളും ഹൈക്കമാന്‍ഡ് നിരീക്ഷകരും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുണ്ട്.

ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യയും പിന്നീട് മൂന്ന് വര്‍ഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണ് ഏറ്റവും ഒടുവില്‍ ലഭ്യമാകുന്നത്. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കും. ഉപമുഖ്യമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും അദ്ദേഹത്തിന് ഒരുമിച്ച് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. എന്നാല്‍ ശിവകുമാര്‍ ഈ നിലപാടിനോട് പൂര്‍ണമായും വഴങ്ങിയിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.