National
കര്‍ണാടക തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
കോണ്‍ഗ്രസാണ് കര്‍ണാടകയിലെ സമാധാനത്തിന്റെ ശത്രുവെന്ന് മോദി.
ബംഗളൂരു| കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുകയാണെന്നാണ് മോദിയുടെ ആരോപണം.
കര്‍ണാടകയില്‍ അസ്ഥിരതയുണ്ടായാല്‍ നിങ്ങളുടെ ഭാവിയും അസ്ഥിരമാവും. കോണ്‍ഗ്രസാണ് കര്‍ണാടകയിലെ സമാധാനത്തിന്റെ ശത്രു. അവര്‍ വികസനത്തിന്റെയും ശത്രുക്കളാണ്. കോണ്‍ഗ്രസ് ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നു. പ്രീണനത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.
വോട്ട് ചെയ്യാന്‍ പോകുന്ന യുവതലമുറ ചിന്തിക്കണം. നിങ്ങള്‍ക്ക് മികച്ച കരിയര്‍ നല്‍കാന്‍, നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട ജോലി നല്‍കാനൊന്നും കോണ്‍ഗ്രസിന് കഴിയില്ല. ബി.ജെ.പി കര്‍ണാടകയെ നമ്പര്‍ വണ്‍ ആക്കി മാറ്റുമെന്നും മോദി പറഞ്ഞു.കര്‍ണാടകയെ രാജ്യത്തെ നമ്പര്‍ വണ്‍ ആക്കുക, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ബി.ജെ.പിയുടെ വാഗ്ദാനം. മറുവശത്ത് കോണ്‍ഗ്രസ് ‘വിരമിക്കലിന്റെ പേരിലാണ് വോട്ട് ചോദിക്കുന്നതെന്നും മോദി ആരോപിച്ചു.