National
ഭാര്യയെ ക്രൂരമായ ലൈംഗിക വിനോദങ്ങള്‍ക്കിരയാക്കിയാൽ ബലാത്സംഗക്കുറ്റം ചുമത്താമെന്ന് കര്‍ണാടക ഹൈക്കോടതി
വിവാഹം പോലുള്ള ഒരു സ്ഥാപനം ഒരു പുരുഷനും പ്രത്യേകാവകാശം നല്‍കുന്നില്ലെന്നും സ്ത്രീയോട് ക്രൂരവും മൃഗീയവുമായി പെരുമാറുന്നതിനുളള ലൈസന്‍സല്ല വിവാഹമെന്നും കോടതി
ബാംഗ്ലൂര്‍ | വിവാഹത്തിന് ശേഷം ഭാര്യയെ ക്രൂരമായ ലൈംഗിക വിനോദങ്ങള്‍ക്കിരയാക്കിയാൽ ബലാത്സംഗ കുറ്റം ചുമാത്താമെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹം പോലുള്ള ഒരു സ്ഥാപനം ഒരു പുരുഷനും പ്രത്യേകാവകാശം നല്‍കുന്നില്ലെന്നും സ്ത്രീയോട് ക്രൂരവും മൃഗീയവുമായി പെരുമാറുന്നതിനുളള ലൈസന്‍സല്ല വിവാഹമെന്നും കോടതി വ്യക്തമാക്കി. ഭാര്യയെ ‘ലൈംഗിക അടിമയാക്കാന്‍’ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായകമായ നിരീക്ഷണം.
ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് സ്ത്രീകളില്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ഭര്‍ത്താവിന്റെ ഇത്തരം പ്രവൃത്തികള്‍ ഭാര്യയെ വല്ലാതെ ഭയപ്പെടുത്തുമെന്നും അവരുടെ ആത്മവിനെ മുറിപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള ലൈംഗികാതിക്രമം ബലാത്സംഗമായി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ ഭരണാധികാരികളാണെന്ന ചിരപുരാതനമായ ചിന്ത ഭാര്യയുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ‘പുരാതനവും പിന്തിരിപ്പനും മുന്‍വിധിയുള്ളതു’മായ ഇത്തരം ധാരണകള്‍ മൂലമാണ് രാജ്യത്ത് ഇത്തരം കേസുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്നതെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, വൈവാഹിക ബലാത്സംഗം കുറ്റമായി അംഗീകരിക്കണമോ എന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. നിയമസഭയാണ് അത് പരിഗണിക്കേണ്ടത്. ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ഭര്‍ത്താവിന്റെ മേല്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് മാത്രമാണ് കോടതിയുടെ പരിഗണനയിലുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.
ഭര്‍ത്താവാണെന്ന ഒറ്റകാരണത്താല്‍ ഏതെങ്കിലും പുരുഷനെ ബലാത്സംഗ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുന്നുവെങ്കില്‍ അത് നിയമത്തിലെ അസമത്വവും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് കീഴില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നിരിക്കെ ബലാത്സംഗ കുറ്റവുമായി ബന്ധപ്പെട്ട ഐപിസി 375ല്‍ മാത്രം ഈ തുല്യത ഇല്ലാതാക്കാന്‍ സാധിക്കില്ല. നിയമത്തില്‍ അത്തരം അസമത്വങ്ങള്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് നിയമനിര്‍മ്മാതാക്കള്‍ ചിന്തിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
വിവാഹത്തിന്റെ തുടക്കം മുതല്‍ ലൈംഗിക അടിമയെപ്പോലെയാണ് തന്നോട് ഭര്‍ത്താവ് പെരുമാറുന്നതെന്ന് കാണിച്ച് ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. തന്റെ ഭര്‍ത്താവിനെ മനുഷ്യത്വരഹിതനെന്ന് വിശേഷിപ്പിച്ച അവര്‍, മകളുടെ മുന്നില്‍ പോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.