Connect with us

karnataka election

കര്‍ണാടക: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയിലേക്കുള്ള കൈചൂണ്ടി

രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യ ഫലം

Published

|

Last Updated

ബംഗളുരു | രാജ്യത്തെ ഇളക്കി മറിച്ചു കൊണ്ടു രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ആദ്യഫലമാണു കര്‍ണാടകത്തില്‍നിന്നുണ്ടായത്. മതേതര ഇന്ത്യയുടെ ഉജ്ജ്വല സ്വപനങ്ങള്‍ ഉയര്‍ത്തി 21 ദിവസമാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലൂടെ നടന്നത്.
കന്നഡ ദേശത്തെ ഹിന്ദുത്വ വര്‍ഗീയതയുടെ ശൂലമൂര്‍ച്ചയില്‍ നിന്നു നിന്നു മതേതര രാഷ്ട്രീയത്തിന്റെ ശാന്തതയിലേക്കു നയിക്കാന്‍ രാഹുലിന്റെ കാല്‍നടക്കു കഴിഞ്ഞു എന്നു വേണം വിലയിരുത്താന്‍.

പതിറ്റാണ്ടുകളിലെ ഭരണത്തിന്റെ ആലസ്യത്തില്‍ തളര്‍ന്നുപോയ കോണ്‍സ്രിനെ രാഹുല്‍ ഗാന്ധിയുടെ കാല്‍ നടയാത്ര വീണ്ടെടുക്കുകയാണെന്ന സന്ദേശം കന്നഡ മണ്ണില്‍ നിന്നുയരുന്നു.

വര്‍ഗീയ വദ്വേഷം വഴി രാജ്യത്തു സൃഷ്ടിച്ച ധ്രൂവീകരണത്തിന്റെ വിഷം ശമിച്ചിരിക്കുന്നുവെന്നു കര്‍ണാടക വിരല്‍ ചൂണ്ടുന്നു. ഇനിയും വര്‍ഗീയ കലാപങ്ങളോ വിദ്വേഷ പ്രചാരണങ്ങള്‍ കൊണ്ടോ ജനങ്ങളെ വിഭജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബി ജെ പിയുടെ പ്രഭാവം രാജ്യത്ത് അസ്തമിക്കുകയാണെന്നു വേണം കരുതാന്‍.

ഹിന്ദുത്വ വര്‍ഗീയത കീഴടക്കിയ ഇന്ത്യന്‍ റിപ്പബ്‌ളിക്കിനെ വീണ്ടെടുക്കുന്നതില്‍ രാഹുലിനും കോണ്‍ഗ്രസിനും സാധ്യമാവുമെന്ന വ്യക്തമായ സന്ദേശമാണു കര്‍ണാടകം പറയുന്നത്. അങ്ങിനെ കര്‍ണാടകം കേണ്‍ഗ്രസിനും ബി.ജെ.പിക്കും മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിനും വെളിച്ചം പകരുകയാണ്.

ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ ഏക താമരക്കുളമായിരുന്ന കര്‍ണാടകമാണു ചെളി മൂടിക്കഴിഞ്ഞത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 28 ല്‍ 25 സീറ്റുകള്‍ സമ്മാനിച്ച മണ്ണ് അവരെ തൂത്തെറിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ട് മോദിയും ബി ജെ പിയും കരുനീക്കുമ്പോഴാണ മോഡി പ്രഭാവത്തെ കന്നഡ ദേശം തൂത്തെറിയുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്നു കാവിക്കൊടിയുടെ ഭീതി നീങ്ങുകയാണ്. ന്യൂനപക്ഷങ്ങളുടെ ജീവിതത്തിനു മേല്‍ ഭീഷണി പടര്‍ത്തിയും മതേതര ഇന്ത്യയുടെയും ഭരണഘടനയുടേയും മൂല്യങ്ങളെ വെല്ലുവിളിച്ചും മുന്നേറിയ ആ നാളുകള്‍ അസ്തമിച്ചിരിക്കുന്നു.

വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്തയില്‍ നിന്ന് ബി ജെ പി ഒന്നും പ്രതീക്ഷിക്കേണ്ടെന്ന സന്ദേശവും ഈ തിരഞ്ഞെടുപ്പു ഫലം നല്‍കുന്നു.

കര്‍ണ്ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നി കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നുമായി 131 ലോക്‌സഭ സീറ്റുകളാണ് ദക്ഷിണേന്ത്യയിലുള്ളത്. ഇതില്‍ ബി ജെ പി കഴിഞ്ഞ തവണ നേടിയത് 29 സീറ്റുകളാണ്. അതില്‍ 25 സീറ്റുകളും കര്‍ണ്ണാടകത്തില്‍നിന്നായിരുന്നു. നാല് സീറ്റുകളാണ് തെലങ്കാനയില്‍ നിന്നുള്ളത്. ആന്ധ്രയിലും തമിഴകത്തും കേരളത്തിലും താമരവളരുന്ന ചെളിക്കുണ്ടുകളില്ല.

ദക്ഷിണേന്ത്യന്‍ പാര്‍ട്ടിയാവാന്‍ കഴിയാത്ത ബി ജെ പി ഹിന്ദി-പശു ബെല്‍ട്ടില്‍ ഒതുങ്ങുന്ന കാഴ്ചയാണ് ഇനി കാണാനിരിക്കുന്നത്. മോദിക്കും അമിത് ഷായ്ക്കും കര്‍ണ്ണാടകത്തിനിപ്പുറത്ത് അവരുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇനിയും പ്രയോഗിക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനമാണ് കന്നഡ ദേശം ഉയര്‍ത്തുന്നത്.

കര്‍ണാടക ഫലം വെറുമൊരു തിരഞ്ഞെടുപ്പു ഫലമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയിലേക്കുള്ള കൈചൂണ്ടിയാണ് ഈ ജനവിധി.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്