Connect with us

karnataka election

കര്‍ണാടക: കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തി രാജസ്ഥാന്‍

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തിരിക്കയാണ്.

Published

|

Last Updated

ബഗളുരു | ബി ജെ പിക്ക് കനത്ത ആഘാതമേല്‍പ്പിച്ചു കര്‍ണാടകയില്‍ മികച്ചവിജയം നേടിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കുഴങ്ങുമ്പോള്‍, ചോദ്യ ചിഹനമായി രാജസ്ഥാന്‍ മുന്നില്‍ നില്‍ക്കുന്നു.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തിരിക്കയാണ്. ബി ജെ പിയെ അട്ടിമറിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലേറിയ ആദ്യ നാളുകളില്‍ തുടങ്ങിയ അധികാരത്തര്‍ക്കമാണ് ഇപ്പോഴും നീറിപ്പുകയുന്നത്. നവംബറില്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സാഹചര്യത്തിലും ഇരു ചേരികളും പരസ്യമായ പോരിലാണ്.

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കാള്‍ ഇടപെട്ടിട്ടും ഇരു നേതാക്കളും തമ്മിലുള്ള അധികാരത്തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ്സിലെ തമ്മില്‍ തല്ലുകാരണം രാജസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അമിത്ഷായും മോഡിയും രാജസ്ഥാനില്‍ കരുക്കള്‍ നീക്കുന്നത്.

തിളക്കമാര്‍ന്ന വിജയത്തിന്റെ രണ്ടു നാള്‍ പിന്നിടുമ്പോഴും കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം വിജയത്തിന്റെ തിളക്കത്തെ ബാധിക്കുകയാണ്.
മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും രംഗത്തുള്ളതിനാല്‍ കാര്യങ്ങള്‍ രാജസ്ഥാന്റെ തനിയാവര്‍ത്തനമായിരിക്കുമോ എന്ന ആശങ്ക ശക്തമാണ്. കൂടുതല്‍ എം എല്‍ എമാരുടെ പിന്‍തുണയോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ പി സി സി പ്രസിഡന്റായി പാര്‍ട്ടിയെ നയിച്ചുകൊണ്ട് അച്ചടക്കമുള്ള പ്രവര്‍ത്തകനായി മുന്നോട്ടു പോകാന്‍ ഡി കെ തയ്യാറാവില്ലെന്നുറപ്പാണ്.
മുഖ്യമന്ത്രി പഥം പങ്കിട്ടെടുക്കാനുള്ള നിര്‍ദ്ദേശവും ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്. അല്ലെങ്കില്‍ ആഭ്യന്തര വകുപ്പടക്കമുള്ള ഉപമുഖ്യമന്ത്രിയായി ഡി കെയെ കൊണ്ടുവരാനും ആലോചനയുണ്ട്. ഹൈക്കമാന്റിന്റെ കോര്‍ട്ടിലാണിപ്പോള്‍ പന്തുള്ളത്.

എന്നാല്‍, ഡല്‍ഹിക്കുപോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന ഡി കെ ശിവകുമാറിന്റെ ഇന്നു രാവിലത്തെ പ്രതികരണം അദ്ദേഹം ഇടഞ്ഞിരിക്കയാണെന്നതിന്റെ സൂചനയാണ്.

രണ്ടുപേരെയും ഒരേ സമയം മുഖ്യമന്ത്രിയാക്കാന്‍ പറ്റില്ല എന്നതിനാല്‍ ശാന്തമായ ഒരു ഭരണ സാഹചര്യം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സിനു കാഴ്ചവയ്ക്കാന്‍ കഴിയുമോ എന്നാണു രാജസ്ഥാനിലെ അനുഭവം ഉയര്‍ത്തുന്ന ചോദ്യം.

പാര്‍ട്ടി അച്ചടക്കത്തിനു വിധേയമാകാത്ത വിധം നേതാക്കള്‍ വളരുന്നതിന്റെ ദുരന്തമാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. സ്വന്തം ഫാന്‍സ് അസോസിയേഷനുകളായി പാര്‍ട്ടിയെ നേതാക്കള്‍ കൊണ്ടു നടക്കുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ക്കപ്പുറം കയറി സ്വന്തം നായകത്വവും ഗ്രൂപ്പും ഉണ്ടാക്കി നേതാക്കള്‍ പാര്‍ട്ടിക്കു മേലെ വളരന്നതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

കര്‍ണാടകത്തില്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ ഓരോ എം എല്‍ എമാരെയും കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും മുഖ്യമന്ത്രി ആരെന്ന തീരുമാനം. വ്യാഴാഴ്ച സത്യപ്രതിജ്ഞ നിര്‍വഹിക്കാന്‍ കഴിയുന്ന വിധം ഡല്‍ഹിയില്‍ തീരുമാനം ഉണ്ടാവുമെന്നാണു വിവരം.

കോണ്‍ഗ്രസ് വിജയത്തിനു വഴിയൊരുക്കിയ സിദ്ധരാമയ്യുടെ ജനപ്രീതിയും ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങളും പാര്‍ട്ടിക്ക് ഒരു പോലെ പരിഗണിക്കേണ്ടതുണ്ട്.

ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ എ ഐ സി സി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. എല്ലാ എം എല്‍ എമാരെ നേരിട്ട് കണ്ടാണ് നിരീക്ഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

ഭൂരിപക്ഷം എം എല്‍ എമാരും സിദ്ധരാമയ്യക്കൊപ്പമാണെങ്കിലും അവര്‍ കോടീശ്വരനായ ഡി കെ ശിവകുമാര്‍ പക്ഷത്തേക്കു നീങ്ങാന്‍ അധികം താമസമില്ല. ഈ സാഹചര്യത്തില്‍ രാജസ്ഥാനില്‍ സംഭവിക്കുന്നതു പോലുള്ള ചേരിപ്പോരിലേക്കു കാര്യങ്ങള്‍ പോയേക്കും.

ബംഗളുരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നില്‍ നടന്ന നാടകീയ രംഗങ്ങള്‍ രാജസ്ഥാനിലെ അനുഭവങ്ങളിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനുമായി ചേരിതിരിഞ്ഞുള്ള അണികളുടെ മുദ്രാവാക്യം വിളി നല്‍കുന്ന ദുസ്സൂചന അപകടകരമാണ്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായുള്ള സച്ചിന്‍ പൈലറ്റ്- അശോക് ഗെഹ് ലോട്ട് പോരിന്റെ അനുഭവം കോണ്‍ഗ്രസ്സിനെ അലട്ടിക്കൊണ്ടിരിക്കുമ്പോഴാണ് സമാനമായ അനുഭവത്തിനു കര്‍ണാടകത്തിലുംകളമൊരുങ്ങുന്നത്.
2020 ല്‍ സച്ചിന്റെ നേതൃത്വത്തിലുള്ള വിമത എം എല്‍ എമാര്‍ തന്നെ താഴെയിറക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഗെഹ് ലോട്ട്് ശക്തമായി ഉന്നയിക്കുന്നു. അധികാരത്തര്‍ക്കും മൃഗീയ ഭൂരിപക്ഷമുള്ള സര്‍ക്കാറുകളെപ്പോലും കൊമ്പുകുത്തിച്ച അനുഭവങ്ങള്‍ രാഷ്ട്രീയത്തില്‍ ഏറെയുണ്ട്.

കര്‍ണാടകയെ പാര്‍ട്ടിയുടെ അച്ചടക്ക വ്യവസ്ഥയിലേക്കു കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കില്‍ രാജസ്ഥാന്റെ തനിയാവര്‍ത്തനം കന്നഡ ദേശത്തും ഇനി കാണേണ്ടിവരും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest