Connect with us

karunagappally panmasala smuggling

കരുനാഗപ്പള്ളി പാൻമസാല കടത്ത്: അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം നിയമസഭയിൽ

സഭയിൽ ഭരണപക്ഷം ബഹളം വെച്ചു.

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴ നഗരസഭാ കൗൺസിലറും സി പി എം പ്രാദേശിക നേതാവുമായ ഷാനവാസ് വാടകക്ക് കൊടുത്ത വാഹനത്തിൽ നിന്ന് ഒരു കോടി രൂപയുടെ നിരോധിത പാൻമസാല പിടികൂടിയ സംഭവം നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിക്കുകയായിരുന്നു. അതിനിടെ സഭയിൽ ഭരണപക്ഷം ബഹളം വെച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

ലഹരി മാഫിയ സംഘത്തിന് സി പി എമ്മുമായി ബന്ധമുണ്ടെന്നും ചില നേതാക്കൾ അധികാരത്തിൻ്റെ ചവിട്ടുപടി കയറുന്നത് ലഹരിപ്പണത്തിൻ്റെ പിൻബലത്തിലാണെന്നും കുഴൽനാടൻ ആരോപിച്ചു. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിലെ പ്രതി മണിച്ചൻ ഒരുപറ്റം രാഷ്ട്രീയ നേതാക്കളെ വിലക്കെടുത്തുവെന്ന് സുപ്രീം കോടതിയുടെ വിധിയിലുണ്ടെന്നും ഈ നേതാക്കൾ സി പി എമ്മിൻ്റെതാണെന്നും കുഴൽനാടൻ ആരോപിച്ചു. ഷാനവാസ് പ്രതിയാകും മുമ്പ് മന്ത്രി സജി ചെറിയാൻ എന്തിനാണ് ക്ലീൻ ചിറ്റ് നൽകിയത്. അന്വേഷണം അട്ടിമറിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ വാക്കുതർക്കമുണ്ടായി. ചെയറിനെ നോക്കിയാണ് അംഗം സംസാരിക്കേണ്ടതെന്ന് സ്പീക്കർ എ എൻ ശംസീർ പറഞ്ഞപ്പോൾ, ചെയർ സഭയെ നിയന്ത്രിക്കണമെന്നും അതിനായില്ലെങ്കിൽ പിരിച്ചുവിടണമെന്നും കുഴൽനാടൻ മറുപടി നൽകി. എന്ത് അസംബന്ധവും വിളിച്ചുപറയുന്ന ഒരാളെയാണോ അടിയന്തര നോട്ടീസ് അവതരിപ്പിക്കാൻ പ്രതിപക്ഷം ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി ചോദിച്ചു. താനാണ് കുഴൽനാടനെ ചുമതലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി പറഞ്ഞു.

ലഹരി വസ്തുക്കൾ പിടിച്ചെടുത്ത ലോറിയുടെ ഉടമ ഷാനവാസാണെന്നും എന്നാൽ അയാൾക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു. തെളിവ് ലഭിച്ചാൽ നടപടിയുണ്ടാകും. വാടകക്ക് കൊടുക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത പ്രകടിപ്പിക്കാത്തതിനാല്‍ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്നും മന്ത്രി പറഞ്ഞു. ഷാനവാസിന് ക്ലീൻചിറ്റ് നൽകുന്ന ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ആഴ്ചകൾക്ക് മുമ്പാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് ലോറികളിലും പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ പാൻമസാല വസ്തുക്കൾ പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിൽ സി പി ഐ എം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഷാനവാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഒരു വാഹനം എന്ന് കണ്ടെത്തുകയായിരുന്നു. ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്ന് ഷാനവാസ് വിശദീകരിച്ചിരുന്നു. അതിനിടെ മറ്റൊരു ലോറിയുടമ ആലപ്പുഴ അൻസാർ, ലോറി വാടകക്കെടുത്ത ജയൻ എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്.

Latest