karuvannur bank
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസ്: ഇ ഡി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു
55 പ്രതികളുള്ള കുറ്റപത്രത്തില്‍ സി പി എം കൗണ്‍സിലര്‍ പി ആര്‍ അരവിനാക്ഷന്‍ പതിനാലാം പ്രതി
തൃശൂര്‍ | കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. 55 പ്രതികളുള്ള കുറ്റപത്രത്തില്‍ സി പി എം കൗണ്‍സിലര്‍ പി ആര്‍ അരവിനാക്ഷന്‍ പതിനാലാം പ്രതിയാണ്.
കള്ളപ്പണ കേസിലെ ഉന്നത ഇടപെടലില്‍ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കി.കരുവന്നൂര്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂര്‍ത്തിയാകാനിരിക്കെ ആണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇഡി ആദ്യഘട്ടകുറ്റപത്രം സമര്‍പ്പിച്ചത്.
12,000 പേജുള്ള പ്രാഥമിക കുറ്റപത്രത്തില്‍ 50 പ്രതികളും അഞ്ചു കമ്പനികളുമാണുള്ളത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് അന്വേഷണം. പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കില്‍ നിന്ന് തട്ടിയ റബ്‌കോ കമ്മീഷന്‍ ഏജന്റ് കൂടിയായി എ കെ ബിജോയാണ് കേസില്‍ ഒന്നാം പ്രതി. ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായി പി പി കിരണിന്റെ ഉടമസ്ഥയിലുള്ള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.
ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള 12 വരെ പ്രതികളാണ് ഇ ഡി കുറ്റപത്രത്തിലും ഉള്ളത്. കള്ളപ്പണ കേസിന്റെ മുഖ്യആസൂത്രകന്‍ സതീഷ്‌കുമാറാണ് 13 ാം പ്രതി. സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായി പി ആര്‍ അരവിന്ദാക്ഷന്‍ 14 ാം പ്രതിയാണ്.
സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണന്‍, മുന്‍ മന്ത്രി എ സി മൊയ്തീന്‍ എന്നിവരില്‍ നിന്ന് ഇ ഡി മൊഴിയെടുത്തെങ്കിലും കേസ് നേതാക്കളുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല.