Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി
ഏപ്രില്‍ ഏഴിന് ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ടാകും ഇഡി രാധാകൃഷ്ണന് നോട്ടീസ് അയക്കുക.

തൃശ്ശൂര്‍| കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് സാവകാശം അനുവദിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ മാസം ആദ്യ ആഴ്ചകളില്‍ രണ്ട് പ്രാവശ്യം രാധാകൃഷ്ണന്‍ എം പിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണന്‍ രേഖാമൂലം അസൗകര്യം അറിയിച്ചു. ഇതോടെ ഏപ്രില്‍ ഏഴിന് ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ടാകും ഇഡി രാധാകൃഷ്ണന് നോട്ടീസ് അയക്കുക.
കേസില്‍ അന്തിമ കുറ്റപത്രം നല്‍കുന്നതിനായാണ് ബേങ്കില്‍ തട്ടിപ്പ് നടന്ന കാലയളവില്‍ സിപിഎം ജില്ല സെക്രട്ടറിമാരില്‍ ഒരാളായ കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്കുശേഷം കേസില്‍ അന്തിമ കുറ്റപത്രം നല്‍കുമെന്നാണ് വിവരം.