Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാവ് സി ആര്‍ അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റിനും ജാമ്യം
ഒരു വര്‍ഷത്തിലധികമായി ഇരുവരും റിമാന്‍ഡിലായിരുന്നു.
കൊച്ചി| കരുവന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഎം നേതാവ് സി ആര്‍ അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റ് സികെ ജില്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തിലധികമായി ഇരുവരും റിമാന്‍ഡിലായിരുന്നു. ഇനിയും ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും കേസില്‍ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ജസ്റ്റിസ്‌സ് സി എസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ടത്.
വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷന്‍ ഒരു വര്‍ഷത്തിലേറെയായി ജയിലിലാണ്. നേരത്തെ അടുത്ത ബന്ധുവിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ പത്തുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കേസില്‍ സിപിഎം നേതാവ് സിആര്‍ അരവിന്ദാക്ഷനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സുഹൃത്തായ അരവിന്ദാക്ഷന്‍ പണം ഇടപാടിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇ ഡി പറയുന്നത്. സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇ ഡി കസ്റ്റഡിയില്‍ എടുത്തത്.