Kerala
കരുവന്നൂര്‍ ബേങ്കിലേക്ക് വീണ്ടും നിക്ഷേപമെത്തി; ടൂറിസം വികസന സഹകരണ സംഘം 20 ലക്ഷം രൂപ കൈമാറി
കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരു കൊല്ലത്തേക്ക് നിക്ഷേപിച്ചത്.
തൃശൂര്‍| തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബേങ്കിലേക്ക് വീണ്ടും നിക്ഷേപമെത്തി. 20 ലക്ഷം രൂപയാണ് നിക്ഷേപമായെത്തിയത്. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരു കൊല്ലത്തേക്ക് നിക്ഷേപിച്ചത്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ബാധ്യത കണക്കിലെടുത്താണ് നിക്ഷേപമെന്നായിരുന്നു ടൂറിസം സംഘം പ്രസിഡന്റ് പറഞ്ഞത്.
ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമാണ് തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘം. ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുക, മുസരീസ് പദ്ധതിയിലേക്ക് തൊഴിലാളികളെ സപ്ലൈ ചെയ്യുക എന്നിവയാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സംഘത്തിന്റെ പ്രസിഡന്റും സിപിഎം അനുഭാവിയുമായ അഷ്‌റഫ് സാബാന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ കരുവന്നൂര്‍ ബേങ്കിലെത്തിയാണ് ഇരുപത് ലക്ഷം രൂപയുടെ ചെക്ക് ബേങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി കെ ചന്ദ്രശേഖരന് കൈമാറിയത്. നിക്ഷേപകര്‍ക്ക് കൂടുതല്‍ പണമെത്തിക്കാനുള്ള ശ്രമം വൈകാതെ ഫലം കാണുമെന്ന് ബേങ്ക് ഭാരവാഹികള്‍ പറഞ്ഞു.
നേരത്തെ ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷൈലജ ബാലനും ബേങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരുന്നു.