Kerala
കരുവന്നൂര്‍ കേസ്: പി.കെ ബിജു വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി
മൂന്നാമത്തെ തവണയാണ് ബിജു ഇഡിക്ക് മുന്നില്‍ ഹാജരായത്
കൊച്ചി| കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം പിയുമായ പി കെ ബിജു വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. ഇ ഡി ബിജുവിനെ ചോദ്യം ചെയ്യുകയാണ്.കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ചോദ്യം ചെയ്യല്‍. മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്ന് ബിജുവിനോട് വീണ്ടും ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നത്.
കരുവന്നൂര്‍ തട്ടിപ്പില്‍ സി പി എം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാര്‍ മുന്‍ എം.പി, പി.കെ ബിജുവിന് 5 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.എം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍ ഇ.ഡിക്ക് നല്‍കിയ മൊഴി. കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ചതാണ് ബിജുവിന്റെ ആസ്തിയെന്നും ഇ ഡി ആരോപിക്കുന്നു. ബേങ്ക് അക്കൗണ്ട് രേഖകളും ആസ്തി വിവരങ്ങളും ഹാജരാക്കാന്‍ ബിജുവിന് ഇ.ഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം ഇന്ന് രേഖകള്‍ ഒന്നും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.കെ ബിജു പ്രതികരിച്ചു. കഴിഞ്ഞ ദിവസം കമ്മിഷനിലെ മറ്റൊരു അംഗമായ സി.പി.എം കൗണ്‍സിലര്‍ പി.കെ ഷാജനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.