Kerala
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസ്; പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല: ഇ ഡിക്ക് കത്ത് നൽകിയെന്ന് കെ രാധാകൃഷ്ണന്‍ എം പി
ഏത് അന്വേഷണവും നേരിടും.എതിരാളികളെ എങ്ങനെയൊക്കെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവും എം പിയുമായ കെ രാധാകൃഷ്ണന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സമന്‍സ് അയച്ച സംഭവത്തില്‍ പ്രതികരിച്ച് എംപി. ഇന്നലെ ഹാജരാകണം എന്ന് പറഞ്ഞാണ് നോട്ടിസ്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് നോട്ടിസ് വന്ന കാര്യം അറിയുന്നത്. അപ്പോള്‍ സ്വാഭാവികമായും ഇന്നലെ ഹാജരാകാന്‍ കഴിഞ്ഞില്ല. നോട്ടിസ് ലഭിച്ച ഉടന്‍ തന്നെ ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചെന്നും കെ രാധാകൃഷ്ണന്‍ എംപി വ്യക്തമാക്കി.പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഡി തെളിവുകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ വരണമെന്നും രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഏത് അന്വേഷണവും നേരിടും.എതിരാളികളെ എങ്ങനെയൊക്കെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നെന്നും അദ്ദേഹം ആരോപിച്ചു. ഇഡി നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ല മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെയാണ് കെ രാധാകൃഷ്ണന്‍ എം പിക്ക് ഇഡി സമന്‍സ് അയച്ചത്.കരുവന്നൂര്‍ തട്ടിപ്പ് നടക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണന്‍.അന്തിമ കുറ്റപത്രം കൂടി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.