Connect with us

karuvannure bank issue

കരുവന്നൂര്‍ ഇ ഡി നടപടി: എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ഇ ഡിയെ ഉപയോഗിച്ചുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ പ്രതിരോധം ഒരുക്കും

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി നടപടികള്‍ വിവാദമായിരിക്കെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്നു നടക്കും. ഇ ഡി നീക്കങ്ങളെ രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇ ഡിക്കു പിന്നാലെ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബി ജെ പി രാഷ്ട്രീയ പ്രചാരണവും ആരംഭിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിരോധം ഒരുക്കുന്ന കാര്യമാണു പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നത്.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കമാണ് ഇ ഡിയിലൂടെ നടത്തുന്നതെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. പ്രശ്‌നങ്ങള്‍ക്ക് കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇ ഡി ശ്രമിക്കുന്നു. മുന്‍ മന്ത്രി എ സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇ ഡി ശ്രമിച്ചതായും കൗണ്‍സിലര്‍ അരവിന്ദാക്ഷനെ ഇനഡി മര്‍ദിച്ചതായും അദ്ദേഹം ആരോപിച്ചു.

കരുവന്നൂര്‍ പ്രശ്‌നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം പാര്‍ട്ടി നേതൃത്വമാണ് ഇതിന്റെയെല്ലാം പിന്നിലെന്നു വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്നത്. ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് ഇല്ല. ഇ ഡി ബലപ്രയോഗം നടത്തുകയാണ്. ഉത്തരേന്ത്യയില്‍ നിന്നടക്കം വന്നിട്ടുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തുന്ന കൂട്ടായ ശ്രമമാണിതെന്നാണു സി പി എം നിലപാട്.

അഴീക്കോടന്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇന്ന് തൃശൂരില്‍ എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് നാലിന് ബഹുജനറാലിയും അഞ്ചിന് പൊതുസമ്മേളനവും നടക്കും.