Connect with us

Kerala

കരുവന്നൂര്‍, കണ്ടല ബേങ്ക് തട്ടിപ്പ് കേസ്; പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരണ്‍, സതീഷ് കുമാര്‍ എന്നിവര്‍ക്കും കണ്ടല ബേങ്ക് തട്ടിപ്പ് കേസിലെ അഖില്‍ ജിത്തിനുമാണ് കോടതി ജാമ്യം അനുവദിച്ചത്.

Published

|

Last Updated

കൊച്ചി| കരുവന്നൂര്‍, കണ്ടല സര്‍വീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരണ്‍, സതീഷ് കുമാര്‍ എന്നിവര്‍ക്കും കണ്ടല ബേങ്ക് തട്ടിപ്പ് കേസിലെ അഖില്‍ ജിത്തിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ ഇല്ലാതെ ഇവര്‍ ഒരു വര്‍ഷവും അഞ്ചുമാസവും റിമാന്‍ഡിലായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബേങ്ക് തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണ ബേങ്കില്‍ നടന്നത്. 300 കോടിയുടെ ക്രമക്കേടാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി.

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ 55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന്‍ പി സതീഷ് കുമാര്‍, ഇടനിലക്കാരന്‍ പി പി കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി ആര്‍ അരവിന്ദാക്ഷന്‍, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റെ സി കെ ജില്‍സ് എന്നിവര്‍ക്കെതിരായിരുന്നു ആദ്യ കുറ്റപത്രം.

കണ്ടല ബേങ്കില്‍ നിന്ന് കോടികള്‍ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനും കുടുംബവും നടത്തിയ വഴിവിട്ട ഇടപെടലിന്റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ബേങ്കില്‍ നിന്ന് ലോണ്‍ തട്ടാന്‍ ഭാസുരാംഗന് ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്. കണ്ടല ബേങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

 

 

---- facebook comment plugin here -----

Latest