Kerala
കാസര്‍ഗോഡ് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം: പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്
സംഭവത്തിന് പിന്നില്‍ കുടക് സ്വദേശിയായ യുവാവാണെന്ന് പോലീസ് പറഞ്ഞു.
കാസര്‍ഗോഡ്|കാസര്‍ഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തിന് പിന്നില്‍ കുടക് സ്വദേശിയായ യുവാവാണെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന അന്ന് മുതല്‍ ഇയാളെ കാണാനില്ല. ഇയാള്‍ നേരത്തെയും സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
നോര്‍ത്ത് ഡിഐജി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തില്‍ 26 അംഗ അന്വേഷണ സംഘമാണ് നേരത്തെ കേസ് അന്വേഷിച്ചത്. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ച് 32 അംഗ പ്രത്യേക സ്‌ക്വാഡ് ആക്കി മാറ്റി.
മെയ് 15ന് പുലര്‍ച്ചെ രണ്ടരയോടെയാണ് പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി വഴിയില്‍ ഉപേക്ഷിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്കകം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെ സാഹചര്യ തെളിവുകള്‍ അനുകൂലമല്ലാത്തതിനാല്‍ യുവാവിനെ കസ്റ്റഡിയില്‍ നിന്നും വിട്ടയക്കുകയായിരുന്നു.