Connect with us

Kerala

കാസര്‍ഗോഡ് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കസ്റ്റഡിയില്‍

പ്രതി മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തിന് സഹായിച്ചത്.

Published

|

Last Updated

കാസര്‍ഗോഡ്|കാസര്‍ഗോഡ് പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതി സലീമിനെ പോലീസ് പിടികൂടിയത്. പ്രതി സ്വന്തമായി ഫോണ്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തിന് സഹായിച്ചത്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പ്രതി പീഡിപ്പിച്ചത്. നേരത്തെ കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പോലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ ഒരു വര്‍ഷത്തിലധികമായി സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റെയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഉപയോഗിച്ചിരുന്നത്.

നേരത്തെ കുടക്, മാണ്ഡ്യ, ഈശ്വരമംഗലം എന്നിവിടങ്ങളിലും കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടല്‍ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാള്‍ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് പോലീസ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേതെന്ന് പോലീസ് പറയുന്നു. ബൈക്കില്‍ കറങ്ങി നടന്നാണ് പ്രതി കുറ്റകൃത്യം നടത്താറ്. മാല പിടിച്ചു പറിച്ച കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി കാട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്റിലായിരുന്നു.