Kerala
കാസര്‍കോട് തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവം; പലചരക്ക് കടയുടമ രമിത മരിച്ചു
റിമാന്റില്‍ കഴിയുന്ന രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും.

കാസര്‍കോട്| കാസര്‍കോട് മുന്നാട് യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കട ഉടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു രമിത. ഇന്നലെ രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചാണ് രമിത മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാമാമൃതം, തിന്നര്‍ ഒഴിച്ച് രമിതയുടെ ശരീരത്തില്‍ തീ കൊളുത്തിയത്. രമിതയുടെ കടയ്ക്ക് അടുത്ത് പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനാണ് രാമാമൃതം. പതിവായി ഇയാള്‍ മദ്യപിച്ച് കടയില്‍ വന്ന് പ്രശ്‌നമുണ്ടാക്കാറുണ്ട്. ഇക്കാര്യം രമിത കെട്ടിട ഉടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് രാമാമൃതത്തോട് കടയുടമ കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിരോധമാണ് രമിതയെ ആക്രമിക്കാന്‍ കാരണം എന്നാണ് വിവരം.
50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം നടന്ന അന്ന് തന്നെ രാമാമൃതത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിമാന്റില്‍ കഴിയുന്ന രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും.