anju sree death
കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണം: മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം
ഭക്ഷ്യ വിഷബാധ അല്ലെങ്കില്‍ മരണത്തിന് മറ്റ് കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

കാസര്‍കോട് |കാസര്‍കോട് മരിച്ച അജ്ഞുശ്രീ (19)യുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന് കുടുംബം. ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ കരുണാകരന്‍ പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധ അല്ലെങ്കില്‍ മരണത്തിന് മറ്റ് കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. അപ്രതീക്ഷിത വഴിത്തിരിവായി, പെണ്‍കുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പോസ്റ്റ്‌മോര്‍ട്ടം നടന്ന പരിയാരം മെഡിക്കല്‍ കോളജില ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ കോളജില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാല്‍ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നതെന്ന് തിരിച്ചറിയാന്‍ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങള്‍ നേരത്തെ രാസപരിശോധന നടത്താന്‍ അയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. കാസര്‍കോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബര്‍ 31 നാണ് അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. പിറ്റേ ദിവസം രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലായിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.