Food poisoning from shawarma
കാസര്‍കാട് ഭക്ഷ്യവിഷബാധ: ഷവര്‍മ വിറ്റ കടയുടെ വാഹനത്തിന് തീയിട്ടു
ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരം; കടയുടമയെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തും- ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കാസര്‍കോട് | ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഷവര്‍മ ഉണ്ടാക്കിയ ഐഡിയല്‍ ഫുഡ് പോയിന്റിന്റെ മാരുതി ഒമ്‌നി വാനിന് തീവെച്ചു. മെയിന്‍ റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട വാന്‍ ഇന്ന് പുലര്‍ച്ചെയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ചന്തേര പോലീസെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. ഷവര്‍മ വിറ്റ കടക്ക് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായിരുന്നു.
അതിനിടെ ഷവര്‍മ കഴിച്ച് ആശുപത്രിയില്‍ കഴിയുന്നവരില്‍ ഒരു കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. 36 പേരാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു. പോലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുള്ള കടയുടെ ഉടമയ വിളിച്ചുവരുത്താനും പോലീസ് നീക്കമുണ്ട്.
ഷവര്‍മവിറ്റ കടക്കെതിരെ കേസെടുത്ത പോലീസ് കടയുടെ മാനേജിംഗ് പാര്‍ടണറേയും ജീവനക്കാരനേയും ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെയാണ് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.